തിരുവനന്തപുരം: മാരകരോഗങ്ങളുടെ ചികില്‍സാച്ചെലവ് നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന അമൃത് ഫാര്‍മസി പദ്ധതി ചുരുങ്ങിയ സമയത്തില്‍ കേരളത്തിലുള്‍പ്പെടെ രാജ്യവ്യാപകമായി നൂറു ശാഖകള്‍ എന്ന ലക്ഷ്യം കൈവരിച്ചു. ദേശീയ തലത്തില്‍ 2015 നവംബറില്‍ തുടക്കമിട്ട അമൃത് (അഫോഡബിള്‍ മെഡിസിന്‍സ് ആന്‍ഡ് റിലയബിള്‍ ഇംപ്ലാന്റ്‌സ് ഫോര്‍ ട്രീറ്റ്‌മെന്റ്) 20 മാസങ്ങള്‍ കൊണ്ടാണ് നൂറു ശാഖകള്‍ തികച്ചത്. നൂറാമത്തെ ശാഖ ഷിംല ഇന്ദിരഗാന്ധി മെഡിക്കല്‍ കോളജില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി ശ്രീ ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്തു. മാരകരോഗങ്ങള്‍ക്ക് എല്ലാ പൗര•ാര്‍ക്കും ഒരേ നിലവാരമുള്ള വിദഗ്ധ ചികില്‍സ ലക്ഷ്യമിട്ട്, ചികില്‍സാച്ചെലവുകള്‍ കുറയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആരോഗ്യരംഗത്ത് വന്‍മാറ്റമാണുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അസം(12 ശാഖകള്‍), ഉത്തര്‍പ്രദേശ്(രണ്ട്), പഞ്ചാബ്(ഒന്ന്), ഹിമാചല്‍ പ്രദേശ്(ഒന്ന്) എന്നിങ്ങനെ 16 അമൃത് ഫാര്‍മസികളാണു പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തില്‍ തിരുവനന്തപുരത്ത് പുലയനാര്‍കോട്ടയിലാണ് അമൃതിന്റെ ശാഖ. മുന്നൂറു കോടി രൂപ വിലമതിക്കുന്ന മരുന്നുകള്‍ 130 കോടി രൂപയ്ക്കു നല്‍കാനായപ്പോള്‍ 170 കോടി രൂപയുടെ ഇളവാണ് 84 അമൃത് ഫാര്‍മസികള്‍ വഴി രോഗികള്‍ക്കു ലഭിച്ചത്. മരുന്നുകളുടെ വില കുറച്ചു നല്‍കുന്നതിനൊപ്പം ആവശ്യമുള്ള രോഗികള്‍ക്കെല്ലാം മരുന്ന് എത്തിക്കുകയെന്നതും അമൃത് ഫാര്‍മസികളുടെ ലക്ഷ്യമാണ്. പരമാവധി ആളുകള്‍ക്ക് പ്രയോജനം ലഭിക്കാനായി എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും അമൃത് ഫാര്‍മസികള്‍ തുടങ്ങാനുള്ള അടിസ്ഥാനസൗകര്യമൊരുക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രി അറിയിച്ചു. കാന്‍സര്‍, ഹൃദ്രോഗ ചികില്‍സാച്ചെലവുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യവുമായാണ് ‘അമൃതി’നു തുടക്കമിട്ടത്. മരുന്നുകള്‍ക്കു പുറമെ ഇംപ്ലാന്റുകള്‍, സ്റ്റെന്റുകള്‍, ഓര്‍ത്തോ ഇംപ്ലാന്റുകള്‍, മറ്റു വൈദ്യസഹായ സാമഗ്രികള്‍ എന്നിവയും അമൃത് വഴി വില്‍ക്കുന്നുണ്ട്. കാന്‍സര്‍, ഹൃദ്രോഗ, പ്രമേഹ മരുന്നുകളുള്‍പ്പെടെ അയ്യായിരത്തി ഇരുനൂറിലേറെ ഇനം മരുന്നുകളാണ് അമൃത് ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിക്കുന്നത്.
മരുന്നുകള്‍ക്ക് അന്‍പതു മുതല്‍ 60 ശതമാനം വരെ വിലക്കുറവുണ്ട്. ഡോക്ടറുടെ ആധികാരിക കുറിപ്പടിയുണ്ടെങ്കില്‍ ഏത് ആശുപത്രിയില്‍ ചികില്‍സ തേടുന്നവര്‍ക്കും അമൃത് ഫാര്‍മസിയുടെ സേവനം ലഭിക്കും. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റുകളും അമൃത് ഫാര്‍മസി വഴി താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.