സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കും – മന്ത്രി ടി.പി.രാമകൃഷ്ണൻ

47

തിരുവനന്തപുരം :വിദ്യാർഥികൾക്ക് സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ. തിരുവനന്തപുരം ചാക്ക ഗവ.ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നിർമാണ പ്രവർത്ത നങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവ്വഹിക്കുകയായിരുന്നു മന്ത്രി.നിലവിൽ 25 ട്രേഡുകളിലായി 250 പെൺകുട്ടികൾ ഉൾപ്പെടെ 1754 ട്രെയിനികൾ ചാക്ക ഐടിഐയിലുണ്ട്.

മൂന്ന്ഘട്ടങ്ങളിലായാണ് ഐടിഐ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്ന പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 5,23,58,914 രൂപയുടെ പ്രവൃത്തികളാണ് നടക്കുക. നിർമ്മാണ പ്രവർത്തനങ്ങളും തുടർന്നുള്ള പ്രവത്തികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

സർക്കാർ അധികാരമേറ്റശേഷം പൊതുവിദ്യാഭ്യാസരംഗത്തും സാങ്കേതികപരിശീലനമേഖലയിലും വ്യാവസായിക പരിശീലനത്തിലും നിർണായകമായ മാറ്റങ്ങളാണുണ്ടായത്. 97 സർക്കാർ ഐടിഐകളിലുടെ 77 ട്രേഡുകളിലാണ് നിലവിൽ പരിശീലനം നൽകുന്നത്. നൈപുണ്യശേഷി വികസനത്തിന് ഊന്നൽ നൽകി പരിശീലനപദ്ധതി മെച്ചപ്പെടുത്തുകയും പുതിയ ട്രേഡുകൾ ആരംഭിക്കുകയും ചെയ്തു. ആധുനികനിലവാരത്തിലുള്ള 17 പുതിയ സർക്കാർ ഐടിഐകൾ ആരംഭിച്ചു. അഞ്ച് ഐടിഐകൾ കൂടി ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പന്ത്രണ്ട് ഐടിഐകളാണ് ആദ്യഘട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. ചാക്ക, കോഴിക്കോട് ഐടിഐകൾ സർക്കാർ പദ്ധതിവിഹിതം ഉപയോഗിച്ചും ധനുവച്ചപുരം, മലമ്പുഴ, കൊയിലാണ്ടി, കൊല്ലം ചന്ദനത്തോപ്പ്, ചെങ്ങന്നൂർ, ഏറ്റുമാന്നൂർ, കട്ടപ്പന, ചാലക്കുടി, കണ്ണൂർ, കയ്യൂർ ഐടിഐകൾ കിഫ്ബി ധനസഹായത്തോടെയുമാണ് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നത്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ 97 സർക്കാർ ഐടിഐകളും ഈ നിലവാരത്തിലേക്ക് എത്തിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഐടിഐകളും വ്യവസായസ്ഥാപനങ്ങളുമായി ബന്ധമുണ്ടാക്കി പ്ലേസ്മെന്റ് സെല്ലുകളും സംരംഭകത്വവികസന ക്ലബ്ബുകളും സജീവമാക്കുന്നതിലൂടെ വഴി വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ വഴിയൊരുക്കിയിട്ടുണ്ട്. ഇവർക്ക് സർക്കാർ-സ്വകാര്യമേഖലകളിലെ തൊഴിൽസാധ്യതകൾ ഉപയോഗപ്പെടുത്താൻ ജോബ്ഫെയറുകളും സംഘടിപ്പിക്കുന്നു. ഓൺ ദ ജോബ് ട്രെയിനിംഗിനായി വിവിധ വ്യവസായശാലകളുമായി ചാക്ക ഐടിഐ ധാരണാപത്രത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഐടിഐയിലെ എല്ലാ ട്രെയിനികൾക്കും പോഷാകാഹാര പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഐടിഐ ട്രെയിനികളുടെ സാങ്കേതികപരിജ്ഞാനവും നൈപുണ്യശേഷിയും കേരളത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാക്കുന്നതിന് നടപടിയെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക വികസനത്തിലും ഐടിഐ ട്രെയിനികൾ പങ്കാളികളാകണമെന്ന് മന്ത്രി നിർദേശിച്ചു.

ശാസ്ത്രസാങ്കേതിക മേഖലകളിലെ പരിവർത്തനങ്ങൾക്കനുസൃതമായി ആഗോള തൊഴിൽവിപണിയിലെ ആവശ്യങ്ങളും മാറുകയാണ്. ഈ സാഹചര്യം പ്രയോജനപ്പെടുത്താൻ നൈപുണ്യശേഷിയുള്ള യുവതലമുറയെ വാർത്തെടുക്കേണ്ടതുണ്ട്. വികസിത രാജ്യങ്ങളിലെ തൊഴിൽനൈപുണ്യപരിശീലനസ്ഥാപനങ്ങളോട് കിടപിടിക്കത്തക്ക വിധത്തിൽ ഐടിഐകളിലെ അടിസ്ഥാനസൗകര്യങ്ങളും പരിശീലനനിലവാരവും ഉയർത്തുകയെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ വി.എസ്.ശിവകുമാർ എംഎൽഎ അധ്യക്ഷനായിരുന്നു. മേയർ കെ.ശ്രീകുമാർ നിർമാണ പ്രവർത്തനങ്ങളുടെ ശിലാഫലകം അനാച്ഛാദനം ചെയ്തു. എംപ്ലോയ്മെന്റ്-വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ എസ്.ചന്ദ്രശേഖർ ഐഎഎസ്, അഡീഷണൽ ഡയറക്ടർ (ട്രെയിനിംഗ്) ബി.ജസ്റ്റിൻ രാജ്, ചാക്ക ഐടിഐ പ്രിൻസിപ്പാൾ എ.ഷമ്മിബേക്കർ, വ്യാവസായിക പരിശീലന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS