കൊച്ചി: ജലന്ധറില്‍ വാഹനപരിശോധനക്കിടെ വൈദികനില്‍ നിന്ന് പിടിച്ചെടുത്ത പണവുമായി കടന്ന പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നാലു കോടി രൂപ അമേരിക്കയിലുള്ള കാമുകിക്കും, ഒന്നേമുക്കാല്‍ കോടി രൂപ പാരീസിലുള്ള സുഹൃത്തിനും നല്‍കിയെന്ന് അറസ്റ്റിലായ എ.എസ്.ഐ രാജ്പ്രീത് സിംഗ് പറഞ്ഞു. തട്ടിപ്പിനു കൂട്ടുനിന്ന മൂന്നാമനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഫോര്‍ട്ട് കൊച്ചിയില്‍ തങ്ങിയതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
വൈദികര്‍ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിച്ച് 9.67 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തെന്നാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ പിറ്റേന്ന് വൈദികര്‍ വാഹനത്തില്‍ ഉണ്ടായിരുന്ന 16.65കോടി രൂപയുടെ രേഖകള്‍ ഹാജരാക്കിയതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ക്രമക്കേട് പുറത്തുവന്നിരുന്നു. ഇവര്‍ക്കെതിരെ നടത്തിയ രഹസ്യാന്വേഷണത്തിലാണ് കാലങ്ങളായി വാഹന പരിശോധനകള്‍ക്കിടയില്‍ പിടികൂടിയിരുന്ന കള്ളപ്പണത്തിന്റെ പകുതിപോലും ഇവര്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന കാര്യം ബോധ്യപ്പെടുകയും തുടര്‍ന്ന് ഇവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.
പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് വാഹന പരിശോധനയ്ക്കിടെ പിടികൂടിയ കോടിക്കണക്കിനു രൂപയാണ് രേഖകളില്‍ ഉള്‍പ്പെടുത്താതെ ഇവര്‍ കൈവശപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് രണ്ട് എ.എസ്.ഐമാരെ പഞ്ചാബ് പൊലീസ് നേരത്തേ ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ജോഗീന്ദര്‍ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരെയാണ് കേരള പൊലീസ് അറസ്റ്റ‌് ചെയ്തത്. സുരക്ഷാ നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടല്‍ ജീവനക്കാര്‍ക്കു പൊലീസ് പരിശീലനം നല്‍കിയിരുന്നു. താമസക്കാരുടെ സംശയകരമായ പെരുമാറ്റവും നീക്കങ്ങളും നിരീക്ഷിച്ചു പൊലീസിനു വിവരം കൈമാറാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അസ്വാഭാവികമായ സാഹചര്യത്തില്‍ രണ്ടുപേര്‍ വ്യാജപ്പേരുകളും രേഖകളും നല്‍കി ഹോട്ടലില്‍ തങ്ങുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സിറ്റി പൊലീസ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. ഇരുവരുടെയും അറസ്റ്റ‌് രേഖപ്പെടുത്തിയ ശേഷം വിവരം പഞ്ചാബ് പൊലീസിനെ അറിയിച്ചിരുന്നു. ഇരുവരുടെയും ചിത്രങ്ങളും വിവരങ്ങളും കൈമാറിയപ്പോഴാണ് പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.പ്രതികളെ കേരള പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.