തിരുവനന്തപുരം : കാസർഗോഡ് കോവിഡ് ആശുപത്രി യാഥാർഥ്യമാക്കുന്നതിന്റെ ആദ്യപടി എന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 27 അംഗ വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർഗോഡേയ്ക്ക് യാത്ര തിരിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ച കാസർഗോഡിലെ ചികിത്സ മെച്ചപ്പെടുത്തു ന്നതിനും ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ദൗർലഭ്യം പരിഹരിക്കുന്നതിനും ഈ വിദഗ്‌ദ്ധ മെഡിക്കൽ സംഘത്തിന്റെ സേവനം സഹായകമാവും.13 ഡോക്ടർമാരും,10 നഴ്സുമാരും,4 നഴ്സിംഗ് അസിസ്റ്റന്റുമാരും അടങ്ങുന്നതാണ് സംഘം.
അനസ്‌തേഷ്യ,ന്യൂറോളജി,മെഡിസിൻ,നെഫ്രോളജി,പൾമണറി മെഡിസിൻ,പീഡിയാട്രിക്സ് വിഭാഗങ്ങളിലെ പരിചയസമ്പന്നരായ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.
വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിന്റെ ഫലമാണ് ഈ യാത്ര. ഗതാഗത സൗകര്യം കെ.എസ്.ആർ.ടി.സിയാണ്ഒരുക്കിയിരിക്കുന്നത്. കാസർഗോഡ് ജില്ലാ കളക്ടർ,ആരോഗ്യ വകുപ്പ്, ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരുടെ കൃത്യമായ മാർഗനിർദേശത്തിലൂടെ മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കും.
കാസർഗോഡ് മെഡിക്കൽ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ 200 കിടക്കകളുള്ള ഐസൊലേഷൻ വാർഡും ഇരുപതോളവും തീവ്ര പരിചരണ വിഭാഗങ്ങളുമാണുള്ളത്.ഇവിടെ ഈ മെഡിക്കൽ സംഘം അഞ്ചു ടീമുകളായി പ്രവർത്തിക്കും.നിലവിൽ രണ്ടാഴ്‌ചത്തെ സേവനത്തിനായാണ് സംഘം പോയിരിക്കുന്നത്.രണ്ടാഴ്ചയ്ക്കു ശേഷം അവശ്യഘട്ടമുണ്ടായാൽ പ്രവർത്തിക്കാൻ ബാക്കപ്പ് ടീം തയാറായിട്ടുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർ.എം.ഒ.ഡോ.മോഹൻ റോയ് അറിയിച്ചു.