ന്യൂഡല്‍ഹി: , രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് വാങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും. റാണാ കപൂറിന്റെ കൈവശമുള്ള കോടികള്‍ മതിക്കുന്ന ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നാണ് പ്രിയങ്കയുടെ കൈയില്‍നിന്ന് വാങ്ങിയ രാജീവ് ഗാന്ധിയുടെ പെയിന്റിംഗ്.
ദിവാന് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ ചോദ്യംചെയ്യാനൊരുങ്ങുന്നതെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു.
എം.എഫ്. ഹുസൈന് വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് രണ്ടു കോടി രൂപയ്ക്കാണ് റാണാ കപൂര്‍ വാങ്ങിയത്.അതേസമയം, എം.എഫ്. ഹുസൈന് വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് റാണയ്ക്ക് വിറ്റതില്‍ യാതൊരു അപാകതയുമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇക്കാര്യം ആദായനികുതി റിട്ടേണില്‍ പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ടെന്നും പാര്‍ട്ടി അറിയിച്ചു.