കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ അനന്തപുരി ഖാദി മേളയ്ക്ക് തുടക്കമായി. സെപ്റ്റംബർ 4 വരെയാണ് മേള. സിനിമാ താരം സോനാ നായർ മേള ഉദ്ഘാടനം ചെയ്തു. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശമുയർത്തിയാണ് മേള നടത്തുന്നത്.
നവീന ഫാഷൻ ഖാദി വസ്ത്രങ്ങളും ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും വിവിധ സ്റ്റാളുകളിൽ നിന്ന് ഉപഭോക്താക്കൾക്കു തെരഞ്ഞെ ടുക്കാം. കേരളത്തിന്റെ തനിമ നിലനിർത്തുന്ന ശ്രീകൃഷ്ണപുരം പട്ടുസാരികൾ, അനന്തപുരി പട്ട് എന്നിവയ്ക്കു പുറമേ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സിൽക്ക് സാരികളും വിവിധ പ്രായത്തിലുള്ളവർക്കുള്ള വസ്ത്രങ്ങളും തേൻ, അനുബന്ധ ഉത്പന്നങ്ങൾ, മരച്ചക്കിലാട്ടിയ നല്ലെണ്ണ, കഴുതപ്പാലിൽ തീർത്ത സോപ്പുകൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ മേളയിലുണ്ട്.
ഓണ സമ്മാനമായി നറുക്കെടുപ്പിലൂടെ 10 പവൻ സ്വർണവും ആഴ്ചതോറും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റും സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും നൽകും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഭരണ വിഭാഗം ഡയറക്ടർ കെ.കെ. ചാന്ദിനി, മാർക്കറ്റിംഗ് ഡയറക്ടർ സി. സുധാകരൻ ഖാദി ഡയറക്ടർ ഷാജി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.