ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവയ്പില്‍ മരിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ 3.05ന് മൃതദേഹം നെടുന്പാശേരിയിലെത്തിച്ചശേഷം വീട്ടിലേയ്ക്ക് കൊണ്ടുപോകും. ഭര്‍ത്താവിനൊപ്പം ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിക്കു സമീപമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
മാടവന തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യയാണ് അന്‍സി. ന്യൂസിലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാലയിലെ എം.ടെക് വിദ്യാര്‍ഥിനിയാണ്. അഞ്ച് ഇന്ത്യക്കാരാണ് ക്രൈസ്റ്റ്ചര്‍ച്ച് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദില്‍ 41 പേരും സമീപത്തെ ലിന്‍വുഡ് ഇസ്ലാമിക് സെന്ററിലെ മോസ്കില്‍ എട്ടു പേരുമാണു കൊല്ലപ്പെട്ടത്.