വയനാട്: കാട്ടാനപ്പേടിയില്‍ കഴിയുന്ന വയനാട്ടിലെ പനമരത്ത് വീണ്ടും ആനശല്യം. ജനവാസ കേന്ദ്രത്തില്‍ കാട്ടാന വീണ്ടും എത്തിയതോടെ ഭീതിയിലാണ് ജനങ്ങള്‍. നേരത്തെ കാട്ടാന ഇവിടെ ഒരാളെ ചവിട്ടിക്കൊന്നിരുന്നു. ആനകള്‍ വീണ്ടും എത്തിയതോടെ ജനങ്ങളുടെ പേടിയും ഇരട്ടിയായി. ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ തിരിച്ച് കാട്ടിലേക്ക് തുരത്താനുള്ള പരിശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണച്ചില്‍ ആറ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജനവാസകേന്ദ്രങ്ങളില്‍ കാട്ടാന ഇറങ്ങിയതിനാല്‍ ചെറുകാട്ടൂര്‍ വില്ലേജില്‍ 144 പ്രഖ്യാപിച്ചു. മാനന്തവാടി സബ്കളക്ടര്‍ എന്‍ എസ് കെ ഉമേഷാണ് 144 പ്രഖ്യാപിച്ചത്. ആന അക്രമം തുടര്‍ന്നാല്‍ മയക്കുവെടി വെക്കേണ്ടി വരുമെന്നാണ് സൂചന. കാടിനോട് അടുത്ത് കിടക്കുന്ന മേഖലകളില്‍ ആനശല്യം രൂക്ഷമായതോടെ നാട്ടുകാരും പ്രതിഷേധത്തിലാണ്. കാടിനോട് ചേര്‍ന്ന് കിടങ്ങു നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം