പോര്‍ട്ട് ബ്ളയര്‍: കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ആന്‍ഡമാനില്‍ 800 വിനോദസഞ്ചാരികള്‍ കുടുങ്ങി. ആന്‍ഡമാനിലെ ഏറ്റവും വലിയ ദ്വീപായ ഹാവെല്ലോക്കില്‍ എത്തിയവരാണ് കുടുങ്ങിയത്. ഇവരെ രക്ഷിക്കുന്നതിനായി ബുധനാഴ്ച ആന്‍ഡമാന്‍ നാവികസേനയുടെ കപ്പലുകള്‍ പോര്‍ട്ട് ബ്ളയറില്‍ നിന്നും പുലര്‍ച്ചെ 3.15 ന് യാത്ര തിരിച്ചു. നാവികസേനയുടെ ബിട്ര, ബംഗാരം, കുംഭീര്‍, എല്‍സിയു 38 എന്നീ കപ്പലുകളാണ് പുറപ്പെട്ടത്. കടല്‍ക്ഷോഭവും കൂറ്റന്‍ തിരമാലകളും രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പോര്‍ട്ട് ബ്ളെയറില്‍ നിന്നുള്ള വിമാനം സര്‍വീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചിട്ടുണ്ട്.
പോര്‍ട്ട് ബ്ളെയറില്‍ നിന്നും ഹാവെലോക്കിലേക്കുള്ള ബോട്ട സര്‍വീസ് നിര്‍ത്തിയതോടെയാണ് ഇവര്‍ കുടുങ്ങിയത്. രണ്ടുദിവസമായി കുടുങ്ങി കിടക്കുകയാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ചിലര്‍ ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിവരം.
ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യുനമര്‍ദ്ദം കൊള്ളുന്നതിനാല്‍ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും അടുത്ത ഏതാനും ദിവസങ്ങള്‍ കനത്ത മഴ ആയിരിക്കുമെന്ന് സൂചനയുണ്ട്. കൊടുങ്കാറ്റ് അടിക്കാനുമുള്ള സാഹചര്യത്തെ തുടര്‍ന്ന് രണ്ടു സംസ്ഥാനങ്ങളിലും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികളോട് കടലില്‍ പോകരുതെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.