പോര്‍ട്ട് ബ്ലെയര്‍: മഴയും ചുഴലിക്കാറ്റും മൂലം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കുടുങ്ങിപ്പോയ വിനോദ സഞ്ചാരികളില്‍ 425 പേരെ രക്ഷപ്പെടുത്തി. ഹാവ്ലോക്ക്,നീല്‍ ദ്വീപുകളില്‍ കുടുങ്ങി കിടന്ന വിനോദ സഞ്ചാരികളെയാണ് ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും വ്യോമസേനയും ചേര്‍ന്ന് നടത്തിയ നീക്കത്തിലൂടെ രക്ഷപ്പെടുത്തിയത്. അഞ്ച് നാവികസേന കപ്പലുകളും രണ്ട് കോസ്റ്റ്ഗാര്‍ഡ് കപ്പലുകളും വ്യോമസേനയുടെ ഹെലികോട്പറുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നേരത്തെ 85 പേരെ വ്യോമസേന രക്ഷപ്പെടുത്തിയിരുന്നു. മോശം കലാവസ്ഥയില്‍ 1500ലധികം പേരാണ് ആന്റമാനിലെ വിവിധ ദ്വീപുകളിലായി കുടുങ്ങിക്കിടന്നത്. ഇവരില്‍ നിരവധി മലയാളികളും ഉണ്ടെന്നാണ് വിവരം. കനത്ത മഴയും വീശിയടിക്കുന്ന കാറ്റും ഭീതി പരത്തുന്നുണ്ട്. എന്നാല്‍ സഞ്ചാരികളെല്ലാം സുരക്ഷിതരാണ്. ഫോണ്‍ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ പലര്‍ക്കും നാടുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. വോഡഫോണിന് മാത്രമാണ് ദ്വീപില് റേഞ്ച് ലഭിക്കുന്നത്. സഞ്ചാരികള്‍ സുരക്ഷിതരാണെന്നും അവരെയോര്‍ത്ത് പരിഭ്രാന്തി വേണ്ടെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററില്‍ അറിയിച്ചിരുന്നു.