അങ്കണവാടി കുട്ടികൾക്ക് കൂടുതൽ ദിവസങ്ങളിൽ പാലും മുട്ടയും നൽകാൻ അതത് അങ്കണവാടികൾ ശ്രമങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഇപ്പോൾ രണ്ട് ദിവസമാണ് പാലും മുട്ടയും കുട്ടികൾക്ക് നൽകുന്നത്. അതേ അളവിൽ കൂടുതൽ ദിവസങ്ങളിൽ നൽകാൻ കഴിയണം. പരിശ്രമിച്ചാൽ ആഴ്ചയിൽ ഏഴ് ദിവസവും നൽകാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്കണവാടി പ്രീസ്‌കൂൾ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസവും മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അങ്കണവാടികൾ ഇല്ലാത്ത ദിവസം പാലും മുട്ടയും നൽകണം. കുട്ടികൾക്കായതിനാൽ നാട്ടിൽ തന്നെ സഹായിക്കാൻ സന്നദ്ധരായി ധാരാളം പേരുണ്ടാകും. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും സഹായം അഭ്യർത്ഥിക്കാം. കുട്ടികൾക്ക് നൽകുന്ന പാലിൽ ലാഭം കാണാൻ നോക്കരുത്. മിൽമയ്ക്കും സഹായിക്കാനാകും. സുതാര്യതയോടെ ആക്ഷേപത്തിന് ഇടനൽകാതെ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാല്യകാലത്താണ് ആരോഗ്യകരമായ വളർച്ചയ്ക്ക് അടിത്തറയിടേണ്ടത്. ഇതിനു പോഷകാഹാര ലഭ്യത ഉറപ്പാക്കുകയെന്നതു പ്രധാന മാണ്. 2019ൽ യുനിസെഫ് നടത്തിയ പഠന പ്രകാരം രാജ്യത്ത് പോഷകാഹാര ലഭ്യതയിൽ കേരളമാണു മുന്നിൽ. ഇക്കാര്യത്തിൽ ദേശീയ ശരാശരി 6.4 ആണ്. എന്നാൽ കേരളത്തിൽ 32.6 ആണ്. ഇത് ഇനിയും മെച്ചപ്പെടുത്തുകയാണ് പ്രധാനം. കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം കൃത്യമായി ഉറപ്പാക്കാനുള്ള നടപടികളാണു സർക്കാർ സ്വീകരിക്കുന്നത്. അംഗൻവാടികൾ സ്മാർട്ടാക്കുക, കുട്ടികൾക്കു പോഷകാഹാരം ഉറപ്പാക്കുക, സമൂഹത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കൽ, അവ തടയന്ന നടപടികൾ കർശനമാക്കുക എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു ശിശു സൗഹൃദ സംസ്ഥാനം വാർത്തെടുക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഇടപെടലുകളാണ് വനിത ശിശുവികസന വകുപ്പ് നടത്തുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് അങ്കണവാടികളിൽ കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതി നടപ്പിലാക്കിയത്. 204 അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളായി മാറ്റാനുള്ള ഭരണാനുമതി നൽകി. രണ്ടെണ്ണം യാഥാർത്ഥ്യമാക്കി. അങ്കണവാടികളുടെ സമ്പൂർണ വൈദ്യുതീകരണം ഉടൻ സാധ്യമാകും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തു കളിലും പാരന്റിംഗ് ക്ലിനിക് ആരംഭിച്ചു. കോവിഡ് കാലത്ത് മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് 3.2 കോടി രൂപയുടെ ധനസഹായം അനുവദിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നു മുതൽ 7 വരെ ലോക മുലയൂട്ടൽ ദിനാചരണമാണ്. അമ്മമാരുമായി ഏറ്റവുമധികം ഇടപെടുന്നത് അങ്കണവാടി പ്രവർത്തകരാണ്. മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി എല്ലാ അങ്കണവാടി പ്രവർത്തകരും അമ്മമാരെ ബോധവത്ക്കരിക്കണം. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാൽ വളരെ പ്രധാനമാണ്. ജനിച്ച് ആദ്യ ഒരു മണിക്കൂറിൽ നവജാതശിശുവിന് മുലപ്പാൽ നൽകുന്നുവെന്ന് ഉറപ്പാക്കണം. അതുപോലെ ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകുകയും വേണം. സ്ത്രീകളിലെ അനീമിയ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നതായും മന്ത്രി പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ജി. പ്രിയങ്ക, പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്‌സണൺ പ്രൊഫ. വികെ രാമചന്ദ്രൻ, മിൽമ ചെയർമാൻ കെ.എസ്. മണി, മിൽമ മാനേജിഗ് ഡയറക്ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു, നഗരസഭാ കൗൺസിലർ അഡ്വ. രാഖി രവികുമാർ എന്നിവർ പങ്കെടുത്തു.