അഞ്ജന കൃഷ്ണൻ ലോക ചാമ്പ്യൻഷിപ്പിലേക്ക് ; സഹായവുമായി അദീബ് അഹമ്മദ്.

23

കൊച്ചി; റൊമാനിയയിൽവെച്ച് ഓഗസ്റ്റിൽ നടക്കുന്ന ലോക പവർലിഫ്റ്റിം​ഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടു ക്കാൻ കോഴിക്കോട് സ്വദേശിനി വി.കെ അഞ്ജന കൃഷ്ണന് ഇനി പറക്കാം. ലുലു ഫിനാൾഷ്യൽ ഹോൾഡിം​ഗ്സ് എംഡി അദീബ് അഹമ്മ​ദ് സഹായം നൽകിയതോടെയാണ് അഞ്ജനയുടെ പ്രതീക്ഷകൾക്ക് ചിറക് വെച്ചത്.

അഞ്ചുതവണ ദേശീയ ചാമ്പ്യൻ, രണ്ടു തവണ ഏഷ്യൻ ചാമ്പ്യൻ, സ്ട്രോങ് വുമൺ ഓഫ് കേരള, ഇന്ത്യ, ഏഷ്യ പട്ടങ്ങൾ ഒട്ടേറെ തവണ നേടിയ കോഴിക്കോട് ഈസ്റ്റ് തളിയിൽ അ‍‍ഞ്ജനാഞ്ചലിയിൽ അഞ്ജന കൃഷ്ണന് റൊമാനിയിൽ വെച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരുന്നു. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്താൽ ഒരു മെഡൽ ഉറപ്പാണെന്ന കാര്യത്തിൽ അഞ്ജനയ്ക്കും കോച്ചുകൂടിയായ അച്ഛൻ അനിലിനും സംശയമില്ല. എന്നാൽ പോകുന്നതിനുള്ള പണച്ചെലവ് ബാധ്യത ആയതോടെ പ്രതീക്ഷകൾ മങ്ങുമോ എന്ന ആശങ്കയിലായിരുന്നു ഇവർ. തുടർന്നാണ് ലുലു ഫിനാൾഷ്യൽ ഹോൾഡിം​ഗ്സ് എംഡി അദീബ് അഹമ്മദിന്റെ ശ്രദ്ധയിൽ ഈക്കാര്യം പെട്ടത്. തുടർന്ന് 17 വയസിന് ഇടയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച അഞ്ജന കൃഷ്ണന് സഹായം നൽകാൻ അദീബ് അഹമ്മദ് തീരുമാനിക്കുകയായിരുന്നു. അതോടെ ലോക ചാമ്പ്യൻഷിപ്പിൽ പോകാനുള്ള വാതിൽ അഞ്ജനയ്ക്ക് മുന്നിൽ തുറന്നത്.

കൊച്ചിയിലെ ലുലു ഫിനാൾഷ്യൽ ഹോൾഡിം​ഗ്സിന്റെ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ലുലു ഫിനാൾഷ്യൽ ഹോൾഡിം​ഗ്സിന്റെ കീഴിലുള്ള ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ് മൂന്നര ലക്ഷം രൂപയുടെ ചെക്ക് അഞ്ജന കൃഷ്ണനും, പിതാവും കോച്ചുമായ അനിലിനും കൈമാറി.

ഇത്തരത്തിൽ മികവ് പുലർത്തുന്ന കായിക താരങ്ങൾക്ക് മികച്ച പിൻതുണ നൽകേണ്ടത് ആവശ്യമാണെന്നും, അത് കൊണ്ട് ഇവർക്ക് സഹായം നൽകാൻ ലുലു ഫോറെക്സ് മുന്നോട്ട് വന്നതെന്നും ഷിബു മുഹമ്മദ് പറഞ്ഞു. ഇത് ഒരു അവസരമായി കണ്ട് അ‍ഞ്ജനക്ക് കൂടുതൽ നേട്ടം കൊയ്യാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

നിരവധി തവണ കടം വാങ്ങി മത്സരത്തിൽ പോയപ്പോഴും മികച്ച പ്രകടനം നടത്താനായി. ആ ഇനത്തിൽ തന്നെ ബാധ്യതയുള്ളപ്പോഴാണ് ഈ ലോക ചാമ്പ്യൻഷിപ്പിന് യോ​ഗ്യത ലഭിച്ചത്. സാമ്പത്തിക സഹായം ഇല്ലാതെ പോകാൻ കഴിയാത്ത സാഹചര്യത്തിൽ സഹായവുമായി എത്തിയ ലുലു ഫിനാൾഷ്യൽ ഹോൾഡിം​ഗ്സ് എം.ഡി അദീബ് അഹമ്മദിനോടും, ലുലു ഫോറെക്സിനോടുമുള്ള നന്ദിയും അഞ്ജനയും പിതാവ് അനിലും അറിയിച്ചു.

NO COMMENTS

LEAVE A REPLY