തൃശൂര്‍: നഴ്സ് ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് മുല്ലശേരി അന്നകര വി.എം. ജസ്റ്റിന്റെ റിമാന്‍ഡ് കാലാവധി 16 വരെ നീട്ടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജസ്റ്റിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചില്ല. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയതോടെ പോലീസില്‍ കീഴടങ്ങിയ ജസ്റ്റിനെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇയാളെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു. തൃശൂര്‍ ക്രൈം എസ്പി കെ. സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി വി.എ. ഉല്ലാസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഓഗസറ്റ് 25-ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാണാതായ നഴ്സ് ആന്‍ലിയയുടെ മൃതദേഹം മൂന്നു ദിവസത്തിനുശേഷം ആലുവയ്ക്കു സമീപം പെരിയാര്‍ പുഴയില്‍ കണ്ടെത്തുകയായിരുന്നു.
മകളുടെ മരണത്തിലെ ദൂരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ആന്‍ലിയുടെ പിതാവ് ഫോര്‍ട്ട് കൊച്ചി നസ്രേത്ത് പാലക്കല്‍ ഹൈജിനസ് (അജി പാലക്കല്‍) മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.