പൂനെ: ലോക്പാല്‍ നിയമം നടപ്പിലാക്കണമെന്നും കര്‍ഷകരുടെ ദുരിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ നടത്തുന്ന നിരാഹാര സത്യാഗ്രഹം ആറാം ദിവസത്തിലേക്ക് കടക്കുന്നു. അഹമ്മദ്നഗറിലെ ജന്മഗ്രാമമായ റാലേഗണ്‍ സിദ്ധിയിലാണു കഴിഞ്ഞ ബുധനാഴ്ച മുതല്‍ സത്യാഗ്രഹം ആരംഭിച്ചത്. നിരവധി കര്‍ഷക, ദളിത് സംഘടനകളും ഹസാരെയ്ക്കു പിന്തുണയുമായി എത്തിയിട്ടുണ്ട്. അതേസമയം, ബിജെപി 2014ല്‍ തന്നെ ഉപയോഗിച്ചാണ് അധികാരത്തിലെത്തിയതെന്ന് ഹസാരെ ആരോപിച്ചു. ലോക്പാല്‍ എന്ന ആശയം കൊണ്ടുവരുന്നത് താനാണ്. ഇത് ബിജെപിയും ആംആദ്മി പാര്‍ട്ടിയും ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.