തൃശ്ശൂര്‍: ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി ആന്‍സി അലി ബാവ ഇനി ഓര്‍മ്മ. ആന്‍സിയുടെ മൃതദേഹം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ കബറടക്കി. നിരവധി പേരാണ് ആന്‍സിയെ അവസാനമായി കാണാന്‍ എത്തിയത്.
പുലര്‍ച്ചെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളോടൊപ്പം എംഎല്‍എമാരായ ഇബ്രാഹിം കുട്ടി, ഹൈബി ഈഡന്‍, റോജി എം ജോണ്‍ തുടങ്ങിയവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. 5 മണിയോടെ മൃതദേഹം ആന്‍സിയുടെ ഭര്‍ത്താവ് അബ്ദുള്‍ നാസറിന്‍റെ മാടവനയിലെ വീട്ടിലും പിന്നീട് ആന്‍സിയുടെ വീട്ടിലും എത്തിച്ചു.
മതപരമായ ചടങ്ങുകള്‍ക്ക് ശേഷം മണത്തല കമ്മ്യൂണിറ്റി ഹാളില്‍ 2 മണിക്കൂര്‍ പൊതു ദര്‍ശനം നടത്തി. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഇന്നസെന്റ് എംപി തുടങ്ങി ഒട്ടേറെ പേര്‍ അന്‍സിക്കു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
12 മണിയോടെ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്‍ജിദില്‍ ആന്‍സിയുടെ മൃതദേഹം കബറടക്കി. ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിന് പേരാണ് ആന്‍സിയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയത്.
ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്നു ആന്‍സി. ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പള്ളിയിലെത്തിയ ആന്‍സി വെടിവയ്പ്പില്‍ കൊല്ലപ്പെടുകയായിരുന്നു. അബ്ദുല്‍ നാസര്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അബ്ദുല്‍ നാസര്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നത്.