കൊച്ചി• ഗുണ്ടാ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചതിനു പിന്നാലെ കൊച്ചിയില്‍ ഗുണ്ടകളുടെ കരുതല്‍ അറസ്റ്റ് തുടങ്ങി. മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടുള്ള ഇരുപതോളം പേരെ ആദ്യദിനം കസ്റ്റഡിയില്‍ എടുത്തു. ഇവരെ മുന്നറിയിപ്പു നല്‍കി തിരിച്ചയയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മുന്‍പ് ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെയും വിവിധ കേസുകളില്‍ തടവുശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവരെയുമാണ് ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നും കസ്റ്റഡിയില്‍ എടുത്തത്. മുന്‍പ് കുപ്രസിദ്ധിയാര്‍ജിച്ച തമ്മനം ഷാജി അടക്കമുള്ളവരെ ആദ്യദിനം വിളിച്ചുവരുത്തി. കരുതല്‍ അറസ്റ്റിനാണ് നിര്‍ദേശമെങ്കിലും കര്‍ശന താക്കീത് നല്‍കി വിട്ടയക്കുകയാണു ചെയ്യുന്നത്. ഗുണ്ടാ, മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതിനു പിന്നാലെയാണു പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞു ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസ് നിയമസഭയില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം. സിറ്റി ടാസ്ക് ഫോഴ്സ് എന്ന പേരില്‍ പുതിയ സംഘം പ്രവര്‍ത്തിക്കും. അതേസമയം കൊച്ചിയിലെ ക്രമസമാധാനനില ഭദ്രമാണെന്നാണു കണക്കുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍.