നെഹ്‍റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം

256

കൊച്ചി: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൃഷ്ണദാസിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ പ്രധാന പ്രതിയെന്ന നിലയില്‍ പ്രോസിക്യൂഷനും പോലീസും കൃഷ്ണദാസിനെതിരെ ഉന്നയിച്ച ആരോപണങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ കോടതി വിശദമായി വാദം കേട്ടു. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച കേസില്‍ കൃഷ്ണദാസിന്റെ സജീവ ഇടപെടല്‍ ഉണ്ടായെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറിയില്‍ ഇക്കാര്യം തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നും ഇല്ലെന്ന് കോടതി കണ്ടെത്തി. കോളേജില്‍ ഇടിമുറിയുണ്ടെന്നുള്ള ആരോപണത്തില്‍ വ്യക്തതയില്ല. മരണപ്പെടുന്ന സമയത്ത് ജിഷ്ണുവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നെന്ന് ഒരു വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച് ഒന്നും വ്യക്തമാക്കുന്നില്ല. സുപ്രീം കോടതിയുടെ ഉത്തരവുകളനുസരിച്ച് കേസില്‍ സജീവ പങ്കാളിത്തമില്ലാത്തയാളിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുണ്ട്. ഈ കേസില്‍ കൃഷ്ണദാസിന്റെ പങ്കാളിത്തം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കോളേജില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള ഏതാനും നിബന്ധനകളും കോടതി മുന്നോട്ടുവെച്ചു. കൃഷ്ണദാസ് വിചാരണ കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്. കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഒരു പ്രവൃത്തികളിലും ഏര്‍പ്പെടരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോളേജില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും മാറ്റാന്‍ ശ്രമിക്കരുത്. ജിഷ്ണു പ്രണോയിയുടെ മരണം വലിയ വിവാദമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് വന്‍തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. കേസില്‍ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ കേസിന്റെ ഭാവി ഇനി എന്താകുമെന്ന കാര്യത്തിലും ജിഷ്ണുവിന്റെ കുടുംബം ആശങ്ക പ്രകടിപ്പിച്ചു.

NO COMMENTS

LEAVE A REPLY