കൊച്ചി • ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാന്‍പറമ്പില്‍ കീഴടങ്ങി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണു കീഴടങ്ങിയത്. കരാറുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയാണ് ആന്റണി. മരട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൈസ് ചെയര്‍മാനായ ആന്റണിയെ കേസിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന് പാര്‍ട്ടി ഇയാളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂട്ടുപ്രതിയായ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററും കീഴടങ്ങി. ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. രണ്ടുമാസം ഒളിവില്‍ കഴിഞ്ഞശേഷമാണ് ആന്റണി കീഴടങ്ങിയത്. അതേസമയം, താന്‍ ഒളിവില്‍ കഴിയുകയായിരുന്നില്ലെന്നും ജാമ്യാപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നെന്നും ആന്റണി മാധ്യമങ്ങളോടു പ്രതികരിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമുള്ള നിലപാടാണ് ആന്റണി പ്രകടിപ്പിച്ചത്.