തൃശൂര്‍: രണ്ടു പഫ്സിനും രണ്ടു കട്ടന്‍ കാപ്പിക്കും ബില്‍തുക 680 രൂപ! കഴിച്ചത് അപ്പാടെ ആവിയാകുന്ന ബില്‍ഷോക്ക് ഏതെങ്കിലും വിദേശ രാജ്യത്താണെന്നു കരുതിയാല്‍ തെറ്റി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ കോഫീഷോപ്പില്‍ (കിച്ചന്‍ റെസ്റ്റോറന്‍റ്)നിന്ന് നടി അനുശ്രീക്കാണ് തലയ്ക്ക് അടികിട്ടുംവിധം ബില്‍ ലഭിച്ചത്. ബില്ലിന്‍റെ ചിത്രം സഹിതം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ തീവെട്ടിക്കൊള്ളയുടെ വിശദാംശങ്ങള്‍ അനുശ്രീ പങ്കുവയ്ക്കുകയും ചെയ്തു. അനുശ്രീയുടെ പോസ്റ്റിന്‍റെ ചുരുക്കം:
കൂട്ടുകാരേ… എനിക്കു തോന്നിയ ഒരു കാര്യം പറയട്ടെ, ഇന്നു രാവിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ അവിടുത്തെ കോഫീഷോപ്പില്‍ (കിച്ചന്‍ റെസ്റ്റോറന്‍റ്)നിന്നു രണ്ടു കട്ടന്‍ കാപ്പിയും രണ്ടു പഫ്സും കഴിച്ചപ്പോള്‍ ആയത് 680 രൂപ.എന്നാലും എന്‍റെ അന്താരാഷ്ട്ര വിമാനത്താവളമേ… ഇങ്ങനെ അന്തംവിടീക്കല്ലേ… അധികാരപ്പെട്ടവര്‍ ഇതു ശ്രദ്ധിക്കണമെന്നും ജനങ്ങള്‍ക്കു വേണ്ടി ശരിയായ നടപടി എടുക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും നടി എഴുതി. പോസ്റ്റിനെ അനുകൂലിച്ചും പകല്‍ക്കൊള്ളയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ആയിരത്തി അഞ്ഞൂറിലധികം ആളുകളാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ഫൈവ് സ്റ്റാര്‍ റെസ്റ്റോറന്‍റുകളില്‍പ്പോലും കേട്ടുകേള്‍വിയില്ലാത്ത വില വാങ്ങിയ സ്ഥാപനത്തിനെതിരേ നടപടിയെടുക്കണമെന്നാണ് ബഹുഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം. സമാന അനുഭവമുണ്ടായ പലരും കമന്‍റ് ബോക്സില്‍ തങ്ങളുടെ ബില്ലും പോസ്റ്റ് ചെയ്തിട്ടുണ്ട്.