സെല്ലുലാര്‍ കണക്റ്റിവിറ്റി സൗകര്യമുള്ള ആപ്പിള്‍ വാച്ച് സീരീസ് 3 ഇന്ത്യന്‍ വിപണിയില്‍

523

ആപ്പിള്‍ വാച്ച് സീരീസ് 3 ഇന്ത്യന്‍ വിപണിയിലെത്തി. റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഈ കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്നും വാച്ച് വാങ്ങാന്‍ സാധിക്കും. കൂടാതെ അംഗീകൃത വില്‍പ്പനക്കാരില്‍ നിന്നും വാച്ച് ലഭ്യമാവും. സെല്ലുലാര്‍ കണക്റ്റിവിറ്റി സൗകര്യമുള്ള ആപ്പിള്‍ വാച്ച് സീരീസ് 3, 42 മി.മീറ്റര്‍, 38 മി.മീറ്റര്‍ എന്നിങ്ങനെ രണ്ട് വലിപ്പത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 41,120 രൂപ, 39,080 രൂപ എന്നിങ്ങനെയാണ് വില.

ഫോണ്‍ ഉപയോഗിക്കാനായി പ്രത്യേകം പ്ലാനുകളുടെ ആവശ്യമില്ല. നിലവിലുള്ള 4ജി പ്ലാനുകള്‍ തന്നെ ആപ്പിള്‍ വാച്ച് 3 ഉപയോഗിക്കാം. ഐഫോണിന്റെ സഹായമില്ലാതെ പ്രവര്‍ത്തിപ്പിക്കാം എന്നുള്ളതാണ് ആപ്പിള്‍ വാച്ച് സീരീസ് 3 യുടെ മുഖ്യ സവിശേഷത. ഇസിം അഥവാ എംബഡഡ് സിമ്മില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഈ ആപ്പിള്‍ വാച്ച്. നിലവില്‍ എയര്‍ടെലും, ജിയോയും മാത്രമാണ് ഇ സിം സേവനം നല്കുന്നത്. നിങ്ങളുടെ നിലവിലുള്ള മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചാണ് ഇസിമ്മിന്റെ പ്രവര്‍ത്തനം നടക്കുന്നത്. അതുകൊണ്ട്. സെല്ലുലാര്‍ കണക്ഷനു വേണ്ടി പ്രത്യേകം സിംകാര്‍ഡ് എടുക്കേണ്ടതില്ല. അതായത് ഫോണിനും വാച്ചിനും ഒരേ നമ്പര്‍ തന്നെയാവും ഉണ്ടാവുക. രണ്ട് ഉപകരണങ്ങളുടേയും അവസ്ഥയനുസരിച്ചാണ് ഈ നമ്പറിലേക്ക് വരുന്ന ഫോണ്‍വിളികള്‍ വഴിതിരിച്ചുവിടുന്നത്.

നിലവിലുള്ള പ്ലാന്‍ അനുസരിച്ച് തന്നെ ആപ്പിള്‍ വാച്ച് സേവനങ്ങളും ഉപയോഗിക്കാന്‍ സാധിക്കും. മാത്രവുമല്ല ഫോണ്‍ സ്വിച്ച് ഓഫ് ആയിപ്പോയാലും ആപ്പിള്‍ വാച്ച് ഉപയോഗിച്ച് ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഉപയോക്താവിനാവും. മറ്റ് ആപ്പിള്‍ വാച്ച് മോഡലുകളിലുള്ള എല്ലാ സേവനങ്ങളും പുതിയ മോഡലിലും ലഭ്യമാണ്. സെല്ലുലാര്‍ കണക്ഷനുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതും മുമ്പ് ഐഫോണും വാച്ചും തമ്മില്‍ ബന്ധിപ്പിച്ചിരുന്നത് പോലെയാണ്.

NO COMMENTS