ഡോക്ടർമാർക്കുള്ള സംസ്ഥാന അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

9

ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ 2023ലെ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, സഹകരണ സ്വതന്ത്ര സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, ഡെന്റൽ സ്‌പെഷ്യലിറ്റി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് വെവ്വേറെ അവാർഡുകൾ വിതരണം ചെയ്യുന്നതാണ്. അവാർഡ് തുക 15,000. രൂപയും മെറിറ്റ് സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

ആരോഗ്യകുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യവകുപ്പ് ഡയറക്ടർ കൺവീനറും ആയിട്ടുള്ള വിദഗ്ധകമ്മിറ്റി ആയിരിക്കും അവാർഡുകൾ നിശ്ചയിക്കുന്നത്. രോഗികൾ/രോഗികളുടെ സംഘടന, ആശുപത്രി വികസന സൊസൈറ്റി, ആശുപത്രി മാനേജ്‌മെന്റ്‌ കമ്മിറ്റി, പൊതുജനത്തിലെ ഏതെങ്കിലും അംഗം എന്നിവർക്കോ സ്വന്തമായോ മികച്ച ഡോക്ടർമാരുടെ പേരുകൾ നിർദ്ദേശിക്കാം. കുറഞ്ഞത് പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയവർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ (സർവീസുകൾ അസാധാരണം ആയി കണക്കാക്കുകയും ബന്ധപ്പെട്ട ഡോക്ടറെ ആദരിക്കുന്നത് പൊതു താൽപര്യത്തിൽ അതീവ പ്രാധാന്യമുള്ളതായി കണക്കാക്കുകയും ചെയ്താൽ മാത്രമേ 5 വർഷം മുതൽ 10 വർഷം വരെ സർവീസ് ഉള്ളവരെ നാമനിർദ്ദേശം ചെയ്യാൻ കഴിയു).

അപേക്ഷയുടെയും മറ്റ് അനുബന്ധരേഖയുടെയും അഞ്ചു കോപ്പികൾ വീതം സമർപ്പിക്കേണ്ടതാണ്. തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്നവരുടെ അപേക്ഷകൾ കമ്മിറ്റി നിരസിക്കുന്നതാണ്. മാർഗ്ഗരേഖയും വിശദവിവരങ്ങളും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും കൂടാതെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ വെബ് സൈറ്റിലും ലഭ്യമാണ്. ഡിസംബർ 13 ന് മുൻപായി അപേക്ഷകൾ മാർഗ്ഗരേഖയിൽ നിർദ്ദേശിച്ച പ്രകാരം ഉചിതമാർഗേന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്.

ബെസ്റ്റ് ഡോക്ടേഴ്സ് അവാർഡ് 2023 നായി അപേക്ഷ മുൻപ് സമർപ്പിച്ചിട്ടുള്ളവരും പുതിയ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കഴിഞ്ഞവർഷത്തെ ബെസ്റ്റ് ഡോക്ടേഴ്സ് അവാർഡിന് അർഹരായവർക്കും ഈ വർഷത്തെ സമ്മാനദാനച്ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യുന്നതാണ്.

NO COMMENTS

LEAVE A REPLY