കാസർകോട് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ മേൽനോട്ടത്തിന് സ്ഥാനാർഥിയുടെ പ്രതിനിധിയായി കൗണ്ടിംഗ് ഏജൻറിനെ നിയമിക്കുന്നതിന് നിയമപ്രകാരം പ്രത്യേക യോഗ്യതയൊന്നും നിഷ്‌കർഷിക്കപ്പെടുന്നില്ല. എന്നാൽ, സ്ഥാനാർഥിയുടെ താൽപര്യം സംരക്ഷിക്കാനായി 18 വയസ്സിന് മുകളിൽ പ്രായമുള്ള, പക്വതയുള്ളവരെ ഏജൻറായി നിയമിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൗണ്ടിംഗ് ഹാളിൽ പ്രവേശനം ഇല്ലാത്തതിനാൽ കമ്മീഷന്റെ നിർദേശ പ്രകാരം നിലവിലെ കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി, എം.പി, എം.എൽ.എ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, കോർപറേഷൻ മേയർ, നഗരസഭ ചെയർപേഴ്‌സൻ, ജില്ല, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻമാർ, ദേശീയ, സംസ്ഥാന, ജില്ലാ സഹകരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്‌സൻ, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങ ളുടെ ചെയർപേഴ്‌സനായി നിയോഗിക്കപ്പെട്ട രാഷ്ട്രീയ പ്രവർത്തകർ, സർക്കാർ സ്ഥാപനങ്ങളുടെ ചെയർപേഴ്‌സൻ, ഗവ. പ്ലീഡർ, അഡീഷനൽ ഗവ. പ്ലീഡർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ കൗണ്ടിംഗ് ഏജൻറായി നിയമിക്കരുത്.
കൂടാതെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സുരക്ഷ നൽകുന്ന വ്യക്തികളെയും കൗണ്ടിംഗ് ഏജൻറായി നിയമിക്കരുത്. ഇത്തരം വ്യക്തികൾക്ക് നൽകിയ സുരക്ഷ ഉപേക്ഷിച്ച് കൗണ്ടിംഗ് ഏജൻറാവാൻ കഴിയില്ല. സുരക്ഷയുള്ള വ്യക്തി യോടൊപ്പം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കാൻ കഴിയില്ല. സുരക്ഷ ഉപേക്ഷിച്ച് കൗണ്ടിംഗ് ഹാളിൽ കയറുന്നത് സുരക്ഷാ ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതിനാലാണിത്. സർക്കാർ ഉദ്യോഗസ്ഥർ കൗണ്ടിംഗ് ഏജൻറാവുന്നത് മൂന്ന് മാസം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.