മനാമ : ഇരുപത്താറിന് ആരംഭിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഖത്തറുമായി അകന്നു കഴിയുന്ന സൗദി അറേബ്യയും യുഎഇയും ബഹ്റൈനും കളിക്കും. ഡിസംബര്‍ എട്ടുവരെയുള്ള 24—ാമത് ഗള്‍ഫ് കപ്പില്‍ ഈ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയതായി അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ജാസിം അല്‍ ഷുകലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എട്ടു രാജ്യം പങ്കെടുക്കുന്ന മത്സരത്തില്‍ ഇറാഖ്, കുവൈത്ത്, ഒമാന്‍, യമന്‍ ടീമുകളും പങ്കെടുക്കും. 24നു തുട ങ്ങേണ്ടിയിരുന്ന ടൂര്‍ണമെന്റ് സൗദിയുടെ സൗകര്യം പരിഗണിച്ചാണ് നീട്ടിയത്. 2017ലെ ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റ് ഖത്തറിലായിരുന്നു നടക്കേണ്ടിയിരുന്നത്. സൗദിയും യുഎഇയും ബഹ്റൈനും ബഹിഷ്‌കരിച്ചതോടെ കുവൈത്തി ലേക്ക് മാറ്റി.മത്സരത്തില്‍ പങ്കെടുക്കുമെന്ന് യുഎഇ ഫുട്‌ബോള്‍ ഫെഡറേഷന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
അയല്‍രാജ്യങ്ങളില്‍നിന്ന് കളിക്കാര്‍ക്കു പുറമെ വന്‍തോതില്‍ ആരാധകരും ഖത്തറിലേക്ക് വരും. ഗള്‍ഫ് കപ്പ് ഖത്തറും അയല്‍രാജ്യങ്ങളുമായുള്ള തര്‍ക്കത്തിന്റെ മഞ്ഞുരുക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. യുഎഇയില്‍ ഡിസംബറില്‍ നടക്കുന്ന ഗള്‍ഫ് ഉച്ചകോടിയിലും ഇത് പ്രതിഫലിച്ചേക്കും. 2017 ജൂണ്‍ അഞ്ചിനാണ് സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര ഗതാഗതബന്ധം വിച്ഛേദിച്ചത്.