ആറന്‍മുള വിമാനത്താവളത്തിന്‍റെ അനുമതികള്‍ റദ്ദാക്കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

198

കൊച്ചി: ആറന്‍മുള വിമാനത്താവളത്തിന്റെ അനുമതികള്‍ റദ്ദാക്കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കെ.ജി.എസിന്റെ ഹര്‍ജി ആശങ്കയുടെ അടിസ്ഥാനത്തിലാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.ആറന്‍മുള വിമാനതാവളത്തിനുള്ള അനുമതി റദ്ദാക്കുന്നതില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്ത് തീരുമാനം എടുത്താലും അതിന് മുന്‍പ് കെ.ജി.എസ് ഗ്രൂപ്പിന്റെ വാദം കേള്‍ക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി.പരിസ്ഥിതി അനുമതി ലഭിച്ചാല്‍ കെ.ജി.എസിന് വീണ്ടും അപേക്ഷ നല്‍കാമെന്നും നിലവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ഇല്ലെന്നും കേന്ദ്ര സര്‍ക്കാരും കോടതിയില്‍ സത്യവങ്മൂലം നല്‍കിയിട്ടുണ്ട്.ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.ജി.എസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്.തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള തീരുമാനം സ്വഭാവിക നീതിയുടെ ലംഘനമാണെന്നായിരുന്നു കമ്ബനിയുടെ ആരോപണം. ഇതിലാണ് സര്‍ക്കാര്‍,നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി വിമാനത്താവള കമ്ബനിയുടെ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. വിമാനത്താവളവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് നിലപാടെടുക്കുന്നതില്‍ തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി.വിമാനത്താവളം സ്ഥാപിക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള വ്യവസായ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും ഉത്തരവുകള്‍ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിച്ചിരുന്നു.കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി നേരത്തെ ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു. ഇത് സുപ്രിം കോടതി അംഗീകരിക്കുകയും തുടര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ആറന്‍മുളയ്ക്കു നല്‍കിയ എന്‍.ഒ.സിയും മന്ത്രാലയം പിന്നീട് പിന്‍വലിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY