ന്യൂഡല്‍ഹി • അഴിമതി വിരുദ്ധ വിഭാഗം (എസിബി) തനിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവ് പ്രകാരമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ഡല്‍ഹി അസംബ്ലിയുടെ പ്രത്യേക സമ്മേളനം ഉടന്‍ വിളിച്ചുകൂട്ടി ഇതിനു പിന്നിലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ എസിബി റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കേജ്‍രിവാളിന്റെയും പേര് ഉള്‍ക്കൊള്ളിച്ചിരുന്നു. ഓഫിസില്‍ വനിതാ പാനലിനെ നിയമച്ചതില്‍ ക്രമക്കേട് കാണിച്ചെന്ന പരാതിയിലാണ് സ്വാതിക്കെതിരെ കേസെടുത്തത്.എസിബി റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ എന്റെ പേരുമുണ്ട്.എന്നാല്‍ നിയമന ക്രമക്കേടിലെ എന്റെ പങ്കിനെക്കുറിച്ച് ഇതില്‍ വ്യക്തമാക്കിയിട്ടില്ല. കാരണം വ്യക്തമാക്കാതെ ഒരു മുഖ്യമന്ത്രിയുടെ പേര് എഫ്‌ഐആറില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല. അതിനാല്‍തന്നെ പ്രധാനമന്ത്രിയുടെ അനുമതി ഇല്ലാതെ ഇതു നടന്നിരിക്കില്ല. എഫ്‌ഐആറില്‍ തന്റെ പേര് വന്നതിനു പിന്നില്‍ മോദിയാണെന്ന് ഇതില്‍നിന്നും വ്യക്തമാണെന്നും കേജ്‍രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, ഡല്‍ഹി സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.