കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ ബിജെപി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. 70 വര്‍ഷമായി പാക്കിസ്ഥാനു സാധിക്കാന്‍ കഴിയാത്ത ഇന്ത്യയെ വിഭജിക്കുക എന്ന ലക്ഷ്യം അഞ്ചു വര്‍ഷംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും സാധിച്ചെടുക്കാന്‍ കഴിഞ്ഞെന്ന് കേജരിവാള്‍ കുറ്റപ്പെടുത്തി.
സമൂഹമാധ്യമങ്ങള്‍ സ്ത്രീകള്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നവരെ സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി പിന്തുടരുന്നത് നാണക്കേടാണ്. 70 വര്‍ഷം ശ്രമിച്ചിട്ടും പാക്കിസ്ഥാനു ചെയ്യാന്‍ കഴിയാതിരുന്നതെന്തോ, അതാണ് അഞ്ചു വര്‍ഷംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചെയ്തത്. അവര്‍ രാജ്യത്തെ വിഭജിച്ചു- അരവിന്ദ് കേജരിവാള്‍ പറഞ്ഞു.
ഇന്ത്യയെ വിഭജിക്കുക എന്നത് പാക്കിസ്ഥാന്റെ സ്വപ്നമാണ്. മതത്തിന്റെയും ഭാഷയുടെയും പേരില്‍ രാജ്യത്തെ വിഭജിച്ച്, ജനങ്ങളില്‍ ശത്രുത സൃഷ്ടിക്കുന്ന അതേ ദിശയിലേക്കാണ് ബിജെപി സര്‍ക്കാര്‍ പോകുന്നതെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി. രാജ്യത്തെ കര്‍ഷകര്‍ വന്‍ പ്രതിസന്ധി നേരിടുകയാണെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കേജരിവാള്‍ ആരോപിച്ചു.