ദില്ലി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദമുദ്രകള്‍ പിന്തുടരുന്ന ഹിറ്റ്‍ലറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആരോപിച്ചു. ആം ആദ്മി മന്ത്രിസഭ അധികാരത്തിലേറിയ നാള്‍ മുതല്‍ ഗവര്‍ണറും മന്ത്രിസഭയുമായി തുടരുന്ന അഭിപ്രായ ഭിന്നത ഇപ്പോള്‍ വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി നിയമനത്തെച്ചൊല്ലിയാണ് രൂക്ഷമായിരിക്കുന്നത്. ഐ.എ.എസ് ഉദ്ദ്യോഗസ്ഥയായ ദില്‍രാജ് കൗറിനെ കഴിഞ്ഞ ദിവസമാണ് ദില്ലി വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയായി ലഫ്. ഗവര്‍ണര്‍ നിയമിച്ചത്. എന്നാല്‍ ഉപരാഷ്ട്രപതി സ്ഥാനം കിട്ടാനായി സ്വന്തം ആത്മാവ് തന്നെ മോദിക്ക് പണയം വെച്ചയാളാണ് നജീബ് ജങെന്നായിരുന്നു കെജ്‍രിവാളിന്‍റെ പ്രതികരണം. എന്നാല്‍ അതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു. നജീബ് ജങ് എന്തൊക്കെ ചെയ്താലും ഒരു മുസ്ലിമിനെ നരേന്ദ്രമോദി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.