ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വരുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടുകയാണെങ്കില്‍ ഡല്‍ഹിയെ ലണ്ടന്‍ നഗരത്തിന് സമാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി നഗരത്തെ ശുചിത്വമുള്ളതാക്കാന്‍ ബിജെപി ഭരണത്തിന് ഒരിക്കലും സാധിക്കില്ലെന്നും ഉത്തംനഗറില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകളില്‍ വിജയിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചിരുന്നു. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വിജയിക്കാന്‍ കഴിഞ്ഞാല്‍ ഡല്‍ഹി നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്നും ഒരു വര്‍ഷത്തിനകം ഡല്‍ഹി ലണ്ടന്‍ നഗരത്തിന് സമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി നഗരത്തിന് വേണ്ടത്ര ശുചിത്വമില്ലാത്തതിന് കാരണം ഡല്‍ഹി സര്‍ക്കാരാണെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കുണ്ട്. യഥാര്‍ഥത്തില്‍, മാലിന്യം വേണ്ടവിധത്തില്‍ സംസ്കരിക്കുക എന്നത് മുനിസിപ്പല്‍ കോര്‍പറേഷന്റെ ചുമതലയാണ്. കഴിഞ്ഞ 20 വര്‍ഷമായി കോര്‍പറേഷന്‍ ഭരിച്ച ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ തന്റെ സര്‍ക്കാരിന് ഡല്‍ഹിയില്‍ പലതും ചെയ്യാന്‍ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.