ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരായ കോഴ ആരോപണത്തിൽ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങി. കെജ്‍രിവാളിന് നുണ പരിശോധന നടത്തണമെന്ന് മുൻ മന്ത്രി കപിൽ മിശ്രമ ആവശ്യപ്പെട്ടു. . ഒരാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കമെന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനിൽ ബൈജാൽ അഴിമതി വിരുദ്ധ വിഭാഗത്തിന് നിര്‍ദ്ദേശം നൽകി. ദീക്ഷിത് ദില്ലി മുഖ്യമന്ത്രിയായപ്പോൾ 400 കോടി രൂപ ചെലവിൽ ദില്ലി ജലബോര്‍ഡിൽ സ്റ്റീൽ വാട്ടര്‍ ടാങ്ക് വാങ്ങുന്നതിൽ ക്രമക്കേട് നടന്നെന്ന കേസിൽ അന്വേഷണം അട്ടിമറിക്കാൻ കരാര്‍ കന്പനിയിൽ നിന്ന് കെജ്‍രിവാൾ കോഴ വാങ്ങിയെന്നാണ് കപിൽ മിശ്രയുടെ ആരോപണം. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ൻ കെജ്‍രിവാളിന് നൽകിയ രണ്ട് കോടി രൂപയുടെ കോഴ വിഹിതത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കപിൽ മിശ്ര അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നൽകി. കോഴ ഇടപാടിൽ ഇടനിലക്കാരായി കെജ്‍രിവാളിന്‍റെ സഹായിയായി പ്രവര്‍ത്തിച്ച ആശിഷ് തൽവാര്‍, വിഭവ് കുമാര്‍ എന്നിവരുടെ പേരും കപിൽ മിശ്ര കൈമാറി. സത്യേന്ദ്ര ജെയ്നേയും കെജ്‍രിവാളിനേയും തന്നേയും നുണ പരിശോധന നടത്തണമെന്നും കപിൽ മിശ്ര ആവശ്യപ്പെട്ടു.
ഒരാഴ്ച്ചയ്ക്കം റിപ്പോര്‍ട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. കെജ്‍രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ലെഫ്റ്റനന്‍റ് ഗവര്‍ണറെ കണ്ടു. ആരോപണത്തിൽ കെജ്‍രിവാൾ മൗനം തുടരുന്നതിനിടെ കെജ്‍രിവാളിനെ പിന്തുണച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വീണ്ടും രംഗത്തെത്തി.