വേപ്പ് മരത്തിൻ്റെ പഴങ്ങൾക്ക് മധുരമോ.. എന്നെ സ്തബ്ധനാക്കിയ ചിന്ത ഇതായിരുന്നു.
തമിഴ്നാട്ടിൽ എല്ലായിടത്തും ധാരാളം വേപ്പ് മരങ്ങൾ കാണാം. മഥുരയിൽ വലിയൊരു വേപ്പ് മരത്തിൻ്റെ ചുവട്ടിലാണ് എൻ്റെ വിശ്രമം.. ഇളം മഞ്ഞ നിറത്തിൽ നിറയെ പഴുത്ത വേപ്പിൻകായ്കളുള്ള ഒരു വലിയ വേപ്പുമരം. ധാരാളം വേപ്പിൻ പഴങ്ങൾ മണ്ണിലും വീണു കിടക്കുന്നുണ്ട്… എന്റെ സമീപത്ത് വേപ്പിൻ മരത്തിൽനിന്ന് ഊർന്നുവീണ വേപ്പിൻ പഴങ്ങളിൽ ഒന്നിനെ ഞാൻ കൗതുകത്തോടെ കയ്യിലെടുത്തു.. കൈയിലെടുത്തപ്പോൾ തന്നെ പഴത്തിനുള്ളിൽ ഒന്നുമില്ലായെന്ന് എനിക്ക് മനസ്സിലായി.. മുന്തിരിങ്ങപോലെ ഇളം മഞ്ഞ നിറത്തിൽ ചുറ്റും കിടന്ന ഓരോ പഴങ്ങളിലും എൻ്റെ കൈകൾ പരിശോധന നടത്തി… പഴങ്ങൾക്കുള്ളിലെ ശൂന്യത എന്നെ അലോസരപ്പെടുത്തി.. കൈകൾ പിൻവലിച്ച് ശാന്തനായിരിക്കുമ്പോൾ എൻ്റെ കണ്ണുകൾ വേപ്പുമരത്തിൽ ഞാന്നുകിടക്കുന്ന പഴങ്ങളിൽ ചേക്കേറി.. എൻ്റെ ചിന്ത വേപ്പുമരത്തിലും പടർന്നുകയറി.. പെട്ടെന്ന് എന്നിൽ നിന്ന് ഒരു ഓർമ്മ പുറത്തുചാടി “അന്ത വേപ്പുമരത്തെ പാര് നീ….”
ഒരിക്കൽ ഒരു തമിഴ് ജടാധാരിയോട് സംവദിച്ചപ്പോൾ കുറച്ചുനേരം എന്നെ സ്തബ്ദനാക്കിയ ദൃഷ്ടാന്തം ആരംഭിച്ചത് ഈ വാക്കുകളിലൂടെ ആയിരുന്നു. ആ ദൃഷ്ടാന്തവും സാരോപദേശവും ഇപ്രകാരമായിരുന്നു. .. ആ വേപ്പ് മരത്തെ ഒന്നു നോക്കൂ. അതിൻ്റെ വേര് മുതൽ ഇല വരെ കയ്പ്പാണ്… അതിലെ പഴങ്ങൾ മധുരമുള്ളതും!! ആ പഴങ്ങളിലെ മധുരമാണ് പക്ഷികൾ തേടുന്നതും. അതിനാൽ വേപ്പുമരം പക്ഷികൾക്ക് മധുരമുള്ളതാണ്… അതുപോലെ നിന്റെ ഹൃദയത്തിൽ ഈശ്വരൻ ആനന്ദം ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. ആ ആനന്ദത്തെ നീ തേടിയാൽ ജീവിതം ആനന്ദമയമാകും.’
വേപ്പ് മരത്തിൻ്റെ പഴങ്ങൾക്ക് മധുരമോ.. എന്നെ സ്തബ്ധനാക്കിയ ചിന്ത ഇതായിരുന്നു. ഇന്നിപ്പോൾ ആ ഓർമ്മകൾ അരയും തലയും മുറുക്കി വേപ്പൂമരച്ചുവട്ടിൽ നിൽക്കുന്നു.. ഒട്ടും വൈകിയില്ല!!! വേപ്പിൻപഴങ്ങൾ പറിക്കാൻ തന്നെ തീരുമാനിച്ചു. സമീപത്തുള്ള ഒരു തിണ്ണയിൽ കയറി വേപ്പ് മരത്തിൻ്റെ കയ്യെത്തുന്ന ഒരു ശിഖരം വലിച്ചു താഴ്ത്തി അതിൽനിന്ന് കുറേ പഴങ്ങൾ പറിച്ചെടുത്തു… മരച്ചുവട്ടിൽ വന്നിരുന്നു.. ഒരു വേപ്പിൻ പഴം കയ്യിൽ എടുത്ത് ഞെക്കി നോക്കി.. അതിൻ്റെ ഉള്ളിൽ നിന്ന് കാരയ്ക്കകുരു പോലെയുള്ള ഒരു കുരു വോട്ടുകൂടിയ മാംസളഭാഗം പുറത്തുവന്നു.. ഞാൻ അത് രുചിച്ചുനോക്കി.. മധുരമാണ്!! നേർത്ത ഒരു ഗന്ധവും ഉണ്ട്.. ആ വേപ്പുമരത്തെ ഞാനൊന്ന് മധുരമായി നോക്കി. ഹസ്താമലകം പോലെ കയ്യിലിരുന്ന മധുരമുള്ള വേപ്പിൻ പഴങ്ങൾ എന്റെ ഹൃദയത്തോട് മധുരസംഭാഷണം നടത്തുന്നുണ്ടായിരിക്കണം.. അല്ലെങ്കിൽ ആ ജടാധാരിയെ ഇപ്പോൾ ഇങ്ങനെ കൗതുകത്തോടെ ഓർക്കുമായിരുന്നോ!!
പള്ളിച്ചൽ സുരേഷ്
അസി.പ്രൊഫ.മലയാളം (നാഷണൽ കോളേജ് തിരുവനന്തപുരം)