എറണാകുളം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്;
മസ്റ്ററിംഗ് നടത്തണം
കൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവരില്‍ നാളിതുവരെ മസ്റ്ററിംഗ് നടത്താത്തവര്‍ അതത് സ്ഥലത്തെ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഫെബ്രുവരി 15 നുളളില്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം പെന്‍ഷണേഴ്‌സിന് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതല്ലെന്ന് റീജിയണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സര്‍വീസ് അസിസ്റ്റന്റ് തസ്തികയില്‍ ഒരു സ്ഥിരം ഒഴിവുണ്ട് (തുറന്ന മത്സരം). യോഗ്യത എസ്.എസ്.എല്‍.സി, ഫിഷറീസ് ടെക്‌നോളിജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായം 2020 ഫെബ്രുവരി 25 ന് 18-30. ശമ്പളം 25500-81100/-. സ്ത്രീകള്‍ ഈ ജോലിക്ക് അര്‍ഹരല്ല. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 17-ന് മുമ്പ് ഹാജരാകണം.
അനെര്‍ട്ട്-കര്‍ഷകര്‍ ഉപയോഗിക്കുന്ന പമ്പുകള്‍ സോളാറിലേക്ക്
മാറ്റുന്ന പദ്ധതി
കൊച്ചി: നിലവില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതും അഗ്രികണക്ഷന്‍ ഉളളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ 60 ശതമാനം സബ്‌സിഡി നല്‍കുന്നു. ഒരു എച്ച്.പി പമ്പിന് ഒരു കി.വാട്ട് എന്ന രീതിയില്‍ ഓണ്‍ ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കാം. ഒരു കിലോ വാട്ടിന് ഏകദേശം 54,000 രൂപ ചെലവ് വരും. അതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി ലഭിക്കും. ബാക്കി 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതം നല്‍കിയാല്‍ നിലവിലുളള പമ്പുകള്‍ സോളാറിലേക്ക് മാറ്റാവുന്നതാണ്.
ഒരു കി.വാട്ട് 100 സ്‌ക്വയര്‍ ഫീറ്റ് എന്ന കണക്കിന് നിഴല്‍ രഹിത സ്ഥലം ഉളള കര്‍ഷകര്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. ഒരു കി.വാട്ട് സോളാര്‍ പാനലില്‍ നിന്നും ദിവസം സൂര്യപ്രകാശത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ച് 3-5 യൂണിറ്റ് വൈദ്യുതി ലഭിക്കും.
പകല്‍ പമ്പ് ഉപയോഗിച്ചതിന് ശേഷം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുന്നതും അതില്‍ നിന്നും കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതുമാണ്.
പദ്ധതിയില്‍ ചേരാന്‍ താത്പര്യമുളള കര്‍ഷകര്‍ അനെര്‍ട്ടിന്റെ അതത് ജില്ലാ ഓഫീസില്‍ പേര്, ഫോണ്‍ നമ്പര്‍, പമ്പിന്റെ ശേഷി എന്നിവ നല്‍കിയാല്‍ സ്ഥല പരിശോധന നടത്തി ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയാറാക്കുന്നതാണ്.
ഒരു എച്ച്.പി-10എച്ച്.പി വരെയുളള പമ്പുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. കാര്‍ഷിക കണക്ഷന്‍ ഉളള പമ്പുകള്‍ക്ക് മാത്രമാണ് ഈ സബ്‌സിഡിക്ക് അര്‍ഹതയുളളത്.
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: ആലങ്ങാട് ഐ.സി.ഡി.എസ് പരിധിയില്‍ വരുന്ന 164 അങ്കണവാടികള്‍ക്ക് 2019-20 ലെ പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2603244, 9946442594.
ഗതാഗത നിയന്ത്രണം
കൊച്ചി: പൊതുമരാമത്ത് നിരത്ത് വിഭാഗം വടക്കന്‍ പറവൂര്‍ കാര്യാലയത്തിനു കീഴിലുളള എ.ഐ.ജലീല്‍ റോഡില്‍ ബി.എം & ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള ഗതാഗതം ഫെബ്രുവരി 11 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ താത്കാലികമായി നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ജില്ലാതല ജനകീയ കമ്മിറ്റി യോഗം
കൊച്ചി: അനധികൃത മദ്യം (ചാരായം) ഉല്‍പ്പാദനവും, വിതരണവും, വില്‍പ്പനയും തടയുന്നതിനുളള ജില്ലാതല ജനകീയ കമ്മിറ്റി യോഗം ഫെബ്രുവരി 14-ന് രാവിലെ 10-ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.