ന്യൂഡല്‍ഹി: ദോക്ലാമില്‍ ഇന്ത്യ- ചൈന സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന പശ്ചാത്തലത്തില്‍ സിക്കിമിലെയും അരുണാചലിലെയും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ പ്രദേശങ്ങളിലും സൈനിക വിന്യാസം ശക്തമാക്കി. കിഴക്കന്‍ സെക്ടറിലെ സൈനികര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സജ്ജമാണെന്ന് ലോക്സഭയില്‍ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയതിന് പിറകേയാണ് സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചതായി വാര്‍ത്ത വന്നത്. ഇന്ത്യക്കെതിരെ ചൈന നിരന്തരം ഭീഷണി മുഴക്കുകയും സൈന്യത്തെ നിരുപാധികം പിന്‍വലിച്ചാലേ ചര്‍ച്ചയുള്ളൂവെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നേരിട്ടുള്ള യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതിനിടെ, ഭൂട്ടാന്‍ വിദശകാര്യ മന്ത്രി ദാംചോ ദോര്‍ജിയുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ചര്‍ച്ച നടത്തി. തെക്കനേഷ്യന്‍ രാജ്യങ്ങളുടെയും തെക്കു കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളുടെയും കൂട്ടായ്മയായ ബിംസ്റ്റക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ഭൂട്ടാന്റെ അധീനതയിലുള്ള പ്രദേശത്ത് കൂടി ചൈന റോഡ് നിര്‍മാണം ആരംഭിച്ചതാണ് ദോക്ലാം പ്രതിസന്ധിക്ക് കാരണമായത്. ഭൂട്ടാനുമായി സഹകരണ കരാര്‍ ഒപ്പുവെച്ച ഇന്ത്യ ആ രാജ്യത്തിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുകയാണ്. ഭൂട്ടാനുമായുള്ള സഹകരണം ശക്തമായി തന്നെ തുടരുമെന്ന് സുഷമാ സ്വരാജ് കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.