പരീക്ഷ എഴുതുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും: വീണാ ജോര്‍ജ് എംഎല്‍എ

96

പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് 19 രോഗബാധാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിച്ച നടപടികളും മുന്‍കരുതലും വിലയിരുത്തുന്നതിനായി യോഗംചേര്‍ന്നു. പത്തനംതിട്ട ടൗണ്‍ ഹാളില്‍നടന്ന യോഗത്തില്‍ വീണാ ജോര്‍ജ് എ.എല്‍.എ അധ്യക്ഷത വഹിച്ചു.

പ്രൈമറി, സെക്കന്‍ഡറി തലത്തില്‍ നീരീക്ഷണത്തിലുളള കുട്ടികള്‍ക്ക് പരീക്ഷ എഴുതുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് എം.എല്‍.എ പറഞ്ഞു. പഞ്ചായത്ത് അടിസ്ഥാനത്തിലും വാര്‍ഡ് അടിസ്ഥാനത്തിലും യോഗം ചേര്‍ന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കണം. യോഗങ്ങള്‍ കൂടുന്നതിനു നിയന്ത്രണംവേണം.

വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും വളരെകുറച്ച് ആളുകള്‍മാത്രം പങ്കെടുക്കുന്നതിനു വേണ്ട നിര്‍ദേശം നല്‍കുന്നതിനും ആശാവര്‍ക്കര്‍മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സേവനം പ്രയോജനപ്പെടുത്തേണ്ടതായുണ്ടെന്നും എം.എല്‍.എ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ കൈ കഴുകുന്നതിന് സാനിറ്റൈസര്‍ ഉള്‍പ്പെടെ ആവശ്യമുളള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ റോസ്ലിന്‍ സന്തോഷ്, ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ എന്നിവര്‍ വൈറസ്ബാധ തടയുന്നതിന് സ്വീകരിച്ച മുന്‍കരുതലുകളെപ്പറ്റിയും ഓരോ ഗ്രാമപഞ്ചായത്തിലും പ്രൈമറി, സെക്കന്ററി തലങ്ങളില്‍ നിരീക്ഷണത്തിലുളളവരുടെ വിവരങ്ങള്‍, വിദേശത്ത് നിന്ന് എത്തിയിട്ടുളളവരുടെ വിവരങ്ങള്‍ എന്നിവയെപ്പറ്റി വിശദീകരിച്ചു.

ജില്ലാ ഭരണകൂടം സ്വീകരിച്ചുവരുന്ന നടപടികള്‍ എല്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ് വിശദീകരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി ഡോ.നസ്രിന്‍ വിശദീകരിച്ചു. യോഗത്തില്‍ കോഴഞ്ചേരി തഹസില്‍ദാര്‍, പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട്, വിവിധ പ്രാഥമിക ആരോഗ്യകേന്ദ്രം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS