മംഗളൂരു : വീട്ടില്‍ അതിഥിയായെത്തി 14 ലക്ഷത്തിന്‍റെ ഡയമണ്ട് വളകള്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍. ചിക്കമംഗളൂരുവിലെ യൂനുസ് അഹ് മദ് എന്ന ലിയാഖത്ത് (36) ആണ് കദ്രി പോലീസിന്‍റെ പിടിയിലായത്. കദ്രി ലോബോ ലൈനിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇയാള്‍ 14,22,000 രൂപ വിലമതിക്കുന്ന വളകളും, 40,000 രൂപയും കവര്‍ന്നത്. മോഷണ മുതലുകള്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തു. അതിഥിയായെത്തിയ ലിയാഖത്ത് വീട്ടുടമസ്ഥന്‍റെ മകന്‍റെ മുറിയിലാണ് രാത്രിയില്‍ കഴിഞ്ഞത്. ഇയാള്‍ വീട്ടില്‍ നിന്നും പോയ ശേഷമാണ് കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ ലിയാഖത്താണെന്ന് മനസിലായത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.