ഏഴു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന മോഷണക്കേസുകളിലെ പ്രതി പിടിയില്‍

203

ഏഴു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിലായി. തിരുവല്ല ശ്രീമൂലപുരം സ്വദേശി മോഴ എന്ന ബിനുവാണ് അറസ്റ്റിലായത്. തമിഴ്‍നാട്ടില്‍ നിന്നാണ് ഇയാളെ പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. നാല്‍പ്പതിലേറെ മോഷണം – പിടിച്ചുപറിക്കേസുകളില്‍ അറസ്റ്റു വാറണ്ടുള്ള ബിനുവിനെ തമിഴ്‍നാട്ടിലെ തിരുപ്പുറയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. തിരുവല്ല, മാന്നാര്‍ ചെങ്ങന്നൂര്‍, മാവേലിക്കര സ്റ്റേഷനുകളില്‍ ബിനുവിനെതിരെ കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി ഒളിവിലായിരുന്ന ബിനു മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ഭാര്യമാരുടെ കൂടെ മാറി മാറി താമസിക്കുകയായിരുന്നു ബിനുവിന്‍റെ രീതി. പിടിച്ചു പറിക്കേസുകളില്‍ സ്ത്രീകളെ ക്രൂരമായി ആക്രമിക്കുന്ന സ്വഭാവക്കാരനായ ബിനു തമിഴ്‍നാട്ടില്‍ ആംമ്ബുലന്‍സ് ഡ്രൈവറായി ജോലി ചെയ്‍തു വരികയായിരുന്നു. രാത്രികാലങ്ങളില്‍ പതുങ്ങിയിരുന്നു കാര്‍ തടഞ്ഞു നിര്‍ത്തി പിടിച്ചുപറക്കുകയാണ് ബിനുവിന്റെയും സംഘത്തിന്റെയും രീതി. ബിനുവിന്റെ കൂട്ടാളികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവല്ല സിഐ വിദ്യാദരന്‍, എസ്‌ഐ വിനോദ്, അടൂര്‍ എസ്‌ഐ രാജേഷ്, ഷാഡോ എസ്‌ഐ അച്യുത് കരമയില്‍ ഷാഡോപൊലീസ് അംഗങ്ങള്‍ എന്നിവരടങ്ങടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ബിനുവിനെ റിമാന്റ് ചെയ്‍തു.

NO COMMENTS

LEAVE A REPLY