കൊച്ചി• തമിഴ്നാട്ടില്‍ അല്‍ ഖായിദ ബന്ധം സംശയിക്കുന്ന ഒരാള്‍ കൂടി അറസ്റ്റില്‍. നേരത്തെ പിടിയിലായവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ സംഘം മധുരയില്‍ നിന്ന് ഷംസുദീനെ പിടികൂടിയത്. കൊല്ലം, മലപ്പുറം കലക്ട്രേറ്റ് സ്ഫോടനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഇയാള്‍ക്കു പങ്കുണ്ടോയെന്നു പരിശോധിക്കും. ഷംസുദീനെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, മധുരയില്‍നിന്നും ചെന്നൈയില്‍നിന്നും പിടിയിലായ അല്‍ഖായിദ ബന്ധമുളളവര്‍ തന്നെയാണു മലപ്പുറം, കൊല്ലം കലക്ടറേറ്റുകളിലെ സ്ഫോടനങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചതെന്നു സ്ഥിരീകരണം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മൊബൈല്‍ ഫോണ്‍ പിന്തുടര്ന്നു നടത്തിയ അന്വേഷണത്തിലാണു സംഘം വലയിലായത്. മലപ്പുറത്തും ചിറ്റൂരും മൈസുരുവിലുമെല്ലാം സ്ഫോടനം നടത്തിയവരുടെ ഫോണ്‍ വിളികളാണു പിടികൂടാന്‍ സഹായിച്ചത്. ചില ഫോണ്‍ നമ്ബരുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു തമിഴ്നാട്ടിലെ മധുര വരെയെത്തിയത്. ആദ്യം ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സംഘം ഉപേക്ഷിക്കാറുണ്ടെങ്കിലും അന്വേഷണത്തിലെ വൈദഗ്ധ്യം പ്രതികളെ കുടുക്കി. കേരള, ആന്ധ്ര, കര്‍ണാടക, തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ വലയിലാക്കാനായത്. മലപ്പുറത്ത് സ്ഫോടനം നടത്തിയ ബേസ് മൂവ്മെന്റ് എന്ന സംഘടനയാണ് എല്ലാ സ്ഫോടനങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചതെന്നും വ്യക്തമായിരുന്നു.