42 ലക്ഷം രൂപയുടെ 2,000 ത്തിന്റെ കള്ളനോട്ടുമായി പിടിയില്‍

155

ദില്ലി: കറന്‍സി നിരോധനത്തിനുശേഷം പുറത്തിറങ്ങിയ 2,000 രൂപയുടെ പുതിയ നോട്ടുകളുടെ വ്യാജ കറന്‍സിയുമായി യുവ എഞ്ചിനീയര്‍ അറസ്റ്റില്‍. കഴിഞ്ഞദിവസം മൊഹാലിയില്‍ വെച്ച്‌ അറസ്റ്റിലായ സംഘത്തോടൊപ്പമുണ്ടായിരുന്നത് പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്ത്യ പരിപാടിയില്‍ പങ്കെടുത്ത എഞ്ചിനീയര്‍ ആണെന്ന് പോലീസ് അറിയിച്ചു.അഭിനവ് വര്‍മയെന്ന യുവാവാണ് പിടിയിലായത്. ഇയാളുടെ കസിന്‍ വിശാഖ വര്‍മ, ലുധിയാന സ്വദേശി സുമന്‍ നാഗ്പാല്‍ എന്നിവരെയായിരുന്നു കഴിഞ്ഞദിവസം പിടികൂടിയത്. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്ത് പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ചയാളാണ് അഭിവ് എന്ന് മൊഹാലി പോലീസ് പറയുന്നു. 2,000 രൂപയുടെ കറന്‍സികള്‍ തന്റെ ഓഫീസില്‍ പ്രിന്റ് ചെയ്ത അഭിനവ് ഇത് പഴയ നോട്ടുകള്‍ക്ക് പകരമായി മാറ്റി നല്‍കുകയായിരുന്നു. മാറ്റി നല്‍കുന്നതിന് 30 ശതമാനം കമ്മീഷനും അഭിനവ് വാങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇയാളില്‍ നിന്നും പിടികൂടിയ നോട്ടുകള്‍ക്കെല്ലാം ഒരേ സീരീസ് നമ്ബറായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
കാഴ്ചവൈകല്യമുള്ളവര്‍ക്കായുള്ള വടിയില്‍ പ്രത്യേകതരം ചിപ്പ് പിടിപ്പിച്ചുകൊണ്ടുള്ള കണ്ടുപിടിത്തമാണ് അഭിനവ് ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ 50 മില്യണ്‍ കാഴ്ചവൈകല്യമുള്ളവര്‍ക്ക് ഗുണകരമാകുന്നതാണ് തന്റെ കണ്ടുപിടിത്തമെന്ന് അഭിനവ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്ത് 15 രാജ്യങ്ങളിലുമായി ഇത് വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY