വയനാട്: പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ തിരുവമ്പാടി പോലീസ് പിടിയില്‍. അരീക്കോട് പുവ്വത്തിക്കല്‍ സ്വദേശി പൂളക്കചാല്‍ അസീസാണ് അറസ്റ്റിലായത്. പീഡനക്കേസില്‍ റിമാണ്ടിലായ യുവാവിന്‍റെ സഹോദനെ സമീപിച്ച് പോലീസെന്ന വ്യാജേന പണം കൈപ്പറ്റിയ കേസിലാണ് അറസ്റ്റ്. പതിനാറ്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന തിരുവമ്പാടി തൊണ്ടിമ്മല്‍ ജിജുവിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താനെന്ന പേരില്‍ പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിലാണ് അസീസ് പിടിയിലായത്. നേരത്തെ ഒരു പീഡനക്കേസില്‍ ജയിലിലായപ്പോഴാണ് അരീക്കോട് പുവ്വത്തിക്കല്‍ സ്വദേശിയായ അസീസ് ജിജുവിനെ പരിചയപ്പെട്ടത്. ജിജുവിന്‍റെ വീട് അന്വേഷിച്ചെത്തി അസീസ് പോലീസാണെന്ന് പരിചയപ്പെടുത്തിയാണ് ജിജുവിന്റെ സഹോദരനില്‍നിന്നും പണം കവര്‍ന്നത്.
കേസന്വേഷിക്കുന്നത് സി ഐ ആണെന്നും പണം നല്‍കിയാല്‍ കേസില്‍നിന്നും ഒഴിവാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തവണകളായി പതിനൊന്നായിരം രൂപ കൈക്കലാക്കി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയപ്പോള്‍ വിവരം തിരുവമ്പാടി പോലീസില്‍ അറിയിക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ മുപ്പതോളം കേസുകള്‍ നിലവിലുണ്ടെന്ന് തിരുവമ്പാടി എസ്‌ഐ ശംഭുനാഥ് പറഞ്ഞു. നിര്‍ധന കുടുംബങ്ങളിലെ വിവാഹപ്രായം കഴിഞ്ഞ പെണ്‍കുട്ടികളെ അറബിയെകൊണ്ട് വിവാഹം ചെയ്യിക്കാമെന്ന പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. അറബിയെ കാണാനെന്ന പേരില്‍ സ്ത്രീകളെ ഏതെങ്കിലും ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയും ആഭരണം അഴിച്ചു വാങ്ങി മുങ്ങുകയുമാണ് പതിവ്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.