കോഴിക്കോട്: മുക്കത്ത് ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. പന്നിക്കോട് സ്വദേശി ദീപ്തിക്ക് പൊളളലേറ്റ സംഭവത്തില്‍ ഭര്‍ത്താവ് ജിഷ്ണുവിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് യുവതി മജിസ്ട്രേറ്റിന് മൊഴി നല്കി. മുക്കം പന്നിക്കോട് ഉണിക്കോരന്‍ കുന്ന് തട്ടാര്പൊയിലില് ജിഷ്ണുവാണ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. വ്യാഴാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞ് ദീപ്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ചിരുന്നു. ഇതോടെ ബാക്കിയുണ്ടായിരുന്ന മണ്ണെണ്ണയും ജിഷ്ണു ഭാര്യയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ദീപ്തിയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ദീപ്തി സ്വയം തീ കൊളുത്തിയതാണെന്നായിരുന്നു ആദ്യം ജിഷ്ണു ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചത്. എന്നാല്‍ ഭര്‍ത്താവ് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് യുവതി മജിസ്ട്രേറ്റിന് മൊഴി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജിഷ്ണുവിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ചതോടെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. മദ്യത്തിനും കഞ്ചാവിനും അടിമയായ ജിഷ്ണുവിനെതിരെ മൂന്ന് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.