കൊല്ലം: ബൈക്കില്‍ കറങ്ങി നടന്ന് മാലമോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന്‍റെ മകനും സംഘാങ്ങളുമാണ് പിടിയിലായത്. കൊല്ലം പാരിപ്പള്ളി പൊലിസിന്‍റെ വലയിലാണ് ഇവര്‍ കുടുങ്ങിയത്.തിരക്ക് കുറഞ്ഞ ഉച്ചസമയങ്ങളില്‍ ഇടറോഡുകളിലാണ് നന്ദുവും സംഘവും മോഷണത്തിനിറങ്ങുക. നിരവധി മോഷണക്കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. കുട്ടികളും സ്ത്രീകളുമാണ് ഇരകള്‍.ഹെല്‍മറ്റ് ഉപയോഗിക്കാതെ ബൈക്കില്‍ വഴി ചോദിക്കാനെന്ന വ്യാജേനയാണ് ഇവരെത്തുക. വ്യാജ നമ്പര്‍ പ്ലേറ്റാണ് ബൈക്കുകളില്‍ ഒട്ടിക്കുക.മോഷണത്തിന് ശേഷം ബൈക്ക് അമിത വേഗത്തില്‍ ഓടിച്ച് പോകും.
കൊല്ലം, തിരുവന്തപുരം ജില്ലകളിലാണ് മോഷണങ്ങളിലേറെയും. മാല വിറ്റ് കിട്ടുന്ന പണം കൊണ്ട് മദ്യവും മയക്കുമരുന്നു വാങ്ങുകയാണ് പതിവ്.കഞ്ചാവ് ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും കല്ലമ്പലത്തിനടത്ത് ഒരു രസഹ്യകേന്ദ്രം സംഘത്തിനുണ്ട്. കഞ്ചാവ് ചുരുട്ടി വലിക്കുന്നതിനുള്ള ഒസിബി പേപ്പര്‍ ഉള്‍പ്പടെയുള്ളവ ഇവിടെ നിന്നും പിടിച്ചെടുത്തു. നിരവധി സ്കൂള്‍- കോളേജ് വിദ്യാര്‍ത്ഥികളും സംഘത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം.