ഭീവാണ്ടി: രണ്ട് സ്കൂള്‍ കുട്ടികളെ ആറുമാസത്തോളം വാഹനത്തില്‍വെച്ച് പീഡിപ്പിച്ച സ്കൂള്‍ ഡ്രൈവര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഭീവാണ്ടി സ്വദേശിയായ തുളസീറാം മനേറെ ആണ് അറസ്റ്റിലായത്. എട്ടുവയസും ഒമ്ബതുവയസും പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. കുട്ടികളെ സ്കൂളില്‍ കൊണ്ടുവിടുന്നതും തിരിച്ചെത്തിക്കുന്നതും ഇയാളുടെ എസ്യുവിയില്‍ ആയിരുന്നു. കുട്ടികള്‍ സ്കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കളോട് അധ്യാപകര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തങ്ങളെ ആറുമാസമായി ഡ്രൈവര്‍ പീഡിപ്പിച്ചിരുന്നതായി കുട്ടികള്‍ പറഞ്ഞു. കാറിനുളളിലും മറ്റു സ്ഥലങ്ങളിലും എത്തിച്ചായിരുന്നു പീഡനം. രക്ഷിതാക്കള്‍ സ്കൂളില്‍ അറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകരാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്ന പോക്സോ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. രണ്ടുകുട്ടികള്‍ പരാതി നല്‍കിയതോടെ മറ്റുള്ളവരും പരാതിയുമായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു.