തിരുവനന്തപുരം: അസാധു നോട്ടുകള്‍ വെളുപ്പിക്കാന്‍ ഒത്താശ ചെയ്യുന്ന വന്‍ സംഘത്തിലെ കണ്ണികള്‍ തിരുവനന്തപുരത്ത് പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് ഷീല എസ്റ്റേറ്റിലെ വാച്ചറുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ്, നോട്ടിരട്ടിപ്പിക്കല്‍ സംഘത്തിലേക്ക് എത്തിച്ചത്. അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം വന്‍ തുകയുടെ പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്ത് കൊടുത്ത സംഘത്തിലെ കണ്ണികളാണ് പിടിയിലായത്.
മുപ്പത് ലക്ഷം രൂപയുടെ പുതിയ കറന്‍സി കൊടുത്താല്‍, 60 ലക്ഷം രൂപയുടെ അസാധു നോട്ട് നല്‍കുമെന്ന് പറഞ്ഞ് ബാലരാമപുരം സ്വദേശി ഷാജിയെ സംഘം സമീപിച്ചു. കടമുറി ലേലത്തില്‍ എടുത്തിരുന്ന ഷാജി, പണത്തിന്റെ ഉറവിടം കാണിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കരുതി. പക്ഷേ 30 ലക്ഷത്തിന്റെ പുതിയ കറന്‍സിയുമായി സംഘത്തിലെ ഒരാള്‍ കടന്നുകളഞ്ഞു. ഷാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുനില്‍, ജോസഫ് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തത്. പക്ഷേ സംഘത്തലവനുമായി രഹസ്യ ധാരണയിലെത്തിയ ഷാജി, പണം തിരികെ കിട്ടാനായി പ്രതിയായ സുനിലിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, സുനിലിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തു. ഈ കേസിലെ അന്വേഷണമാണ്, നോട്ടിരട്ടിപ്പിക്കല്‍ സംഘത്തിലേക്ക് പൊലീസിനെ നയിച്ചത്. ബാലരാമപുരം സ്വദേശി ഷാജഹാന്‍, അല്‍അമീന്‍, അമീര്‍, നിഷാദ്, അരുവിക്കര സ്വദേശി ഷാജഹാന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വിവിധ ബാങ്കുകളുടെ സഹായവും പ്രതികള്‍ക്ക് ലഭിച്ചിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.