വിജയവാഡ: ദേശീയ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കുന്നതിന് എത്തിയ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംഎല്‍എയും നടിയുമായ ആര്‍കെ റോജയെ വിജയവാഡയില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിജയവാഡയിലെ ഗന്നാവരം വിമാനത്താവളത്തില്‍ വച്ചാണ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് വിമാനത്താവളത്തിലെ ഒരു മുറിയില്‍ ഏതാണ്ട് ഒരു മണിക്കൂറോളം തടഞ്ഞു വച്ചെന്ന് റോജ ആരോപിച്ചു. ഗന്നാവരം വിമാനത്താവളത്തില്‍ നിന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ യാത്ര തിരിക്കുന്നതിനാല്‍ യാത്രക്കാരുടെ സഞ്ചാരം നിയന്ത്രിച്ചിരുന്നു. പിന്നീട്, വിജയവാഡയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള പ്രകാശം ജില്ലയിലെ ഓണ്‍ഗോലില്‍ എത്തിച്ചെന്ന് റോജ പറഞ്ഞു. ആന്ധ്രാപ്രദേശിലെ തെലുങ്ക് ദേശം സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ക്കു നേരെ അതിക്രമം വര്‍ദ്ധിച്ചു വരുന്നതിനെ കുറിച്ച് റോജ സംസാരിക്കുമെന്ന് കരുതിയാണ് അവരെ കസ്റ്റഡിയില്‍ എടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വനിതാ പാര്‍ലമെന്റ് നടക്കുന്ന ഹോട്ടലിലേക്ക് കൊണ്ടു പോകാനെന്ന പേരില്‍ പൊലീസ് തന്നെ കൂട്ടിക്കൊണ്ട് പോകുകയും അന്യായമായി തടഞ്ഞു വയ്ക്കുകയുമായിരുന്നെന്ന് റോജ ആരോപിച്ചു. ഒരു നിയമസഭാംഗം ക്ഷണിച്ചത് പ്രകാരമാണ് താന്‍ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് റോജ പറഞ്ഞു. ഇപ്രകാരം ചെയ്യാനാണെങ്കില്‍ തന്നെ എന്തിനാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും റോജ ചോദിച്ചു.