നടിയെ തട്ടിക്കൊണ്ടു പോകല്‍; രണ്ട് പേർ കൂടി പിടിയിൽ

276

കൊച്ചി: നടിയെ തട്ടികൊണ്ട് പോയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇവരെ പിടികൂടിയത് . ആലുവ എസ്‍പിയുടെ സ്ക്വാഡാണ് ഒളിത്താവളത്തിൽ റെയ്ഡ് നടത്തിയത് . രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‍ഡ്. ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട് . സംഭവത്തില്‍ കഴിഞ്ഞദിവസം ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ട്ടിനും നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറും തമ്മിലുള്ള ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സുനിലിനെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിലെ മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. പ്രതികൾ കേരളം വിട്ടിരിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പൊലീസ് അയൽസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴ് പ്രതികളാണ് കേസിൽ ഉള്ളത്. സംഭവത്തിൽ നടി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്.
അതേസമയം സിനിമാ ലൊക്കേഷനില്‍ നടിമാര്‍ക്ക് ഡ്രൈവര്‍മാരില്‍ നിന്നടക്കം മോശം അനുഭവം ഉണ്ടായതുമായി ബന്ധപ്പെട്ട് സംഘടനകള്‍ക്ക് ഇതിനു മുന്‍പും നിരവധി പരാതികള്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സംഘടനകള്‍ക്കുള്ളില്‍ തന്നെ പരാതികള്‍ ഒതുക്കിയതിനാല്‍ അവയൊന്നും പുറത്തറിയാതെ പോവുകയായിരുന്നു.
തൃശൂരിലും ആലപ്പുഴയിലും പ്രമുഖരായ രണ്ട് നടിമാര്‍ക്ക് മോശം അനുഭവം ഉണ്ടായത് അടുത്ത കാലത്താണ്. തൃശൂരില്‍ വാഹനഡ്രൈവരുടെ ഭാഗത്ത് നിന്നും,ആലപ്പുഴയില്‍ നടി താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരനില്‍ നിന്നുമായിരുന്നു മോശം പെരുമാറ്റം. പോലീസില്‍ പരാതി പോകാതിരുന്നതിനാല്‍ ഇതോന്നും പുറം ലോകം അറിഞ്ഞില്ല.ചെറിയ തര്‍ക്കത്തെ തുടര്‍ന്ന് സംവിധായകന്‍ ലാല്‍ ജോസിനെ ഡ്രൈവര്‍ പെരുവഴിയില്‍ ഇറക്കിവിട്ട സംഭവമുണ്ടായിത് കുറച്ച് മാസങ്ങള്‍ മുന്‍പാണ്.ഇതിനെ തുടര്‍ന്ന് ഫെഫ്കയുടെ ഡ്രൈവേഴ്സ് യൂണിയന്‍ പിരിച്ചു വിട്ടിരുന്നു. ലൊക്കേഷനുകളില്‍ സ്വന്തം വാഹനങ്ങല്‍ ഉപയോഗിക്കാന്‍ പൊലും നടീ നടന്‍മാരെ അനുവദിക്കാതെ യൂണിയനുകളുടെ ഭരണമാണ് നടക്കുന്നത്.
ഒരു ലക്ഷം രൂപ കൊടുത്താല്‍ ഡ്രൈവേഴ്സ് യൂണിയനില്‍ ആര്‍ക്കും അംഗത്വമെടുക്കാം. ജോലിക്കു വരുന്ന ആളുടെ പിന്നാമ്പുറപരിശോധനകളൊന്നുമില്ല.അങ്ങനെ നടിമാര്‍ അടക്കം രാപ്പകലെന്നില്ലാതെ യാത്ര ചെയ്യേണ്ട ലൊക്കേഷന്‍ വാഹനങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും ഡ്രൈവര്‍മാരായി കടന്നുകൂടാം.പല വിധ ചൂഷണങ്ങള്‍ക്കും സാധ്യതകളുള്ള സിനിമാമേഖലകളിലും പലര്‍ക്കും കണ്ണുണ്ടാകുക സ്വാഭാവികം. ലൊക്കേഷനുകളില്‍ നടിമാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും,വകുപ്പുമന്ത്രിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മാക്ട ഫെഡറേഷന്‍.

NO COMMENTS

LEAVE A REPLY