തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെ വിശ്രമ മുറിയിൽ നിന്നുമാണ് കല്ലറ സ്വദേശിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പി ജി ഡോക്ടറെന്ന വ്യാജേന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസങ്ങളായി കറങ്ങിനടന്ന യുവതിയാണ് പൊലീസിൻറെ പിടിയിലായത്. വ്യാജ തിരിച്ചറിയൽ കാർഡുകളും സ്റ്റെതസ്കോപ്പും രോഗികളുടെ കേസ് ഷീറ്റുകളുമായി യുവതിയെ കയ്യോടെ പിടികൂടി. രാവിലെ പത്തരയോടെ, അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെ വിശ്രമമുറിയിലെത്തിയ യുവതിയെ സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസം വിശ്രമമുറിയിൽ വച്ച് പി ജി ഡോക്ടറുടെ 2000 രൂപ നഷ്ടപ്പെട്ടിരുന്നു. അന്ന് സ്ഥലത്തുണ്ടായിരുന്ന യുവതി, ഇന്നും വിശ്രമ മുറിയിൽ എത്തിയത് സംശയത്തിന് ഇടയാക്കി.
തുടർന്ന് സുരക്ഷാ ജീവനക്കാരും പിന്നീട് പൊലീസും ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. വിലകൂടിയ സ്റ്റെതസ്കോപ്പും മൊബൈൽ ഫോണുമടക്കം യുവതിയുടെ പക്കൽ നിന്ന് കണ്ടെടുത്തു. പി ജി ഡോക്ടറുടെ വേഷത്തിൽ യുവതിയെ പലതവണ ആശുപത്രിയിൽ കണ്ടിട്ടുണ്ടെന്ന് ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ഡോക്ടർ ചമഞ്ഞ് കേസ് ഷീറ്റ് മോഷ്ടിച്ചതിനെതിരെ ആശുപത്രി അധികൃതർ പരാതി നൽകിയിട്ടുണ്ട്.