ന്യൂഡൽഹി: എടിഎമ്മുകളിൽനിന്നും 2000 രൂപയുടെ കള്ളനോട്ട് ലഭിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസിയിലെ ജീവനക്കാരൻ മോഹ്ദ് ഇഷ (27) ആണ് ഡൽഹി പോലീസിന്റെ പിടിയിലായത്. ഡൽഹി സംഗം വിഹാറിലെ എസ്ബിഐ എടിഎമ്മിൽനിന്നു ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്നടിച്ച വ്യാജ നോട്ട് ലഭിച്ച ദിവസം ഇവിടെ പണം നിറച്ചത് ഇയാളായിരുന്നു. അഞ്ചു യഥാർഥ നോട്ടുകൾ എടുത്ത ശേഷം പകരം വ്യാജ നോട്ടുകൾ വയ്ക്കുകയായിരുന്നു. കുട്ടികൾക്കു കളിക്കാൻവേണ്ടിയുള്ള ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്നച്ചടിച്ച നോട്ടുകൾ വിപണികളിൽ ലഭ്യമാണ്. ഇതുപയോഗിച്ചാണ് അയാൾ തട്ടിപ്പു നടത്തിയതെന്ന് ഡിസിപി റോമിൽ ബാനിയ പറഞ്ഞു. മോഷ്ടിച്ച യഥാർഥ നോട്ടുകൾ പിടിയിലായ ആളുടെ കൈയിൽനിന്നു പോലീസിനു കണ്ടെടുക്കാനായില്ല. ഇതിനോടകം പണം മുഴുവൻ മോഹ്ദ ഇഷാ ചെലവഴിച്ചു കാണുമെന്നാണു പോലീസ് പറയുന്നത്. എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ബ്രിങ്ക്സ് ആര്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഉത്തർ പ്രദേശ് സ്വദേശിയായ ഇഷ. എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന സമയത്ത് പണം കൈവശം വയ്ക്കുന്നത് ഇയാളാണ്. ഈ സമയത്താണ് നോട്ടുകൾ മാറ്റിവച്ച തെന്നാണു പോലീസ് കരുതുന്നത്. സംഗംവിഹാറിലെ എടിഎമ്മിൽ നിന്നും വ്യാജനോട്ട് ലഭിച്ച യുവാവ് പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഹ്ദ് ഇഷ പിടിയിലായത്.