വാളയാര്‍ പീഡനം: രണ്ടുപേര്‍ അറസ്​റ്റില്‍

312

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്​റ്റില്‍. കുട്ടികളുടെ അമ്മയുടെ പിതൃസഹോദര പുത്രനായ കല്ലങ്കാട്ട് മധു (27), കുട്ടികളുടെ അച്ഛന്റെ സുഹൃത്തായ ഷിബു (43) എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി രാജാക്കാട് സ്വദേശിയായ ഷിബു മുന്‍പ് ഇവരുടെ വീട്ടില്‍ താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബന്ധു മകളെ പീഡിപ്പിക്കുന്നത് കാണാനിടയായിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മ പോലീസിന് മൊഴിനല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. മൂത്തപെണ്‍കുട്ടിയുടെ മൃതദേഹപരിശോധന നടത്തിയ ഡോ. ടി. പ്രിയദ കുട്ടി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കാട്ടി പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതനുസരിച്ച്‌ വാളയാര്‍ പോലീസ് ആരോപണ വിധേയനായ കുട്ടിയുടെ ബന്ധുവിനെ ചോദ്യംചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന നിഗമനത്തെത്തുടര്‍ന്ന് എസ്.ഐ പി.സി ചാക്കോയെ സസ്പെന്‍ഡ് ചെയ്തു. സി.ഐ, ഡി.വൈ.എസ്.പി എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് തൃശൂര്‍ റേഞ്ച് ഐ.ജി ഉത്തരവിട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY