38 കിലോ കഞ്ചാവുമായി നാലു മലയാളികള്‍ പിടിയില്‍

209

തെങ്കാശി: കേരളത്തിലേക്ക് കടത്താന്‍ കൊണ്ടു വന്ന 38 കിലോ കഞ്ചാവുമായി നാലു മലയാളികളെ തമിഴ്‌നാട്ടിലെ കടമലക്കുണ്ട് പൊലീസ് പിടികൂടി. തിരുവന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. തിരുവനന്തപുരം വെള്ളറട സ്വദേശി പ്രസാദ്, പേരാമംഗലം സ്വദേശി അര്‍ജുന്‍, തിരുവനന്തപുരം സ്വദേശി നിധിന്‍, കൊല്ലം അറുനൂറ്റി മംഗലം സ്വദേശി ഷഹനാസ് എന്നിവരാണ് പിടിയിലാത്. തേനി ജില്ലയിലെ വരശനാട് വനമേഖലയില്‍ നിന്നും വാഹനത്തില്‍ കഞ്ചാവുമായി ഒരു സംഘം വരുന്നതായി കടമലക്കുണ്ട് പൊലീസിന് വിവരം ലഭിച്ചു. ഇതനുസരിച്ച് കടമലക്കുണ്ട് എസ് ഐ ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന ആരംഭിച്ചു. ഇതിനിടെ വെള്ളിമല വനമേഖലയില്‍ നിന്നും രണ്ടു കേരള രജിസ്‌ട്രേഷന്‍ കാറുകളെത്തി. ആദ്യത്തെ വാഹനത്തിന് കൈകാണിച്ചപ്പോള്‍ പരിശോധനക്കായി നിര്‍ത്തി. ഈ വാഹനത്തില്‍ പ്രസ്സ് സ്റ്റിക്കര്‍ കണ്ട പൊലീസ് അന്വേഷിച്ചപ്പോള്‍ കേരളത്തിലെ പത്ര പ്രവര്‍ത്തകരാണെന്ന് മറുപടി നല്‍കി. ഇതേ സമയം രണ്ടാമത്തെ കാറുമെത്തി. പൊലീസ് കൈകാണിച്ചപ്പോള്‍ എസ്.ഐ. ജനാര്‍ദ്ദനനെ ഇടിച്ചിട്ട ശേഷം ഇവര്‍ കടന്നു കളഞ്ഞു. അപ്പോള്‍ തന്നെ ആദ്യത്തെ വാഹനത്തിലുണ്ടായിരുന്നവരെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളെടുത്ത് രക്ഷപെട്ടവരെ പൊലീസ് പിന്തുടര്‍ന്നു. ഇതിനിടെ മയിലാടുംപാറ എന്ന ഗ്രാമത്തിനു സമീപത്തുള്ള മലയടിവാരത്ത് കാര്‍ ഉപേക്ഷിച്ച ശേഷം വാഹനത്തിലുണ്ടായിരുന്നവര്‍ കാടിനുള്ളില്‍ ഒളിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ തെരച്ചിലനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. പ്രസാദും അര്‍ജുനുമാണ് ഈ കാറിലുണ്ടായിരുന്നത്. കാര്‍ സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോള്‍ ഡിക്കിയില്‍ നിന്നും 19 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 38 കിലോ കഞ്ചാവ് കണ്ടെത്തി. കാറിടിച്ച് പരുക്കേറ്റ എസ് ജനാര്‍ദ്ദനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടു വരുന്ന സംഘത്തില്‍ പെട്ടവരാണിവരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY