കൊച്ചി: കൊച്ചിയില്‍ പ്രമുഖ സിനിമാ നിര്‍മ്മാതാവ് മഹാ സുബൈറിനെ ആക്രമിച്ച സംഭവത്തില്‍ 14 പേര് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയോടെയാണ് സുബൈറിന് നേരെ ആക്രമണമുണ്ടായത്. മുഖ്യപ്രതി സനീഷിന് വേണ്ടിയുളള തെരച്ചില്‍ തുടരുകയാണ്.
കൊച്ചി തമ്മനത്തുള്ള ഹോട്ടലിന് മുന്നില്‍ വച്ചാണ് സുബൈറിനും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ബാദുഷക്കും നേരെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഒമ്പരയോടെയാണ് സംഭവം. സുബൈര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചില്‍ പുരോഗമിച്ച് വരികയാണ്. ഷൂട്ടിന് ശേഷം ഹോട്ടലിലെത്തി വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു ആക്രണം. തലയില്‍ ആഴത്തില്‍ മുറവേറ്റ സുബൈര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന് പ്രകാശനും പരിക്കേറ്റിട്ടുണ്ട്. തമ്മനത്തുള്ള പതിനഞ്ചോളം പേരാണ് ആക്രണം നടത്തിയത്. ഉച്ചക്ക് മൂന്ന് മണിയോടെ ഹോട്ടലിലെത്തിയ സംഘം മദ്യപിക്കുകയും ഹോട്ടല്‍ ജീവനക്കാരുമായി വഴക്കിടുകയും ചെയ്തിരുന്നു. വൈകീട്ട് ഏഴ് മണിക്ക് സിനിമ പ്രവര്‍ത്തകരുമായും ഇവര്‍ തര്‍ക്കമുണ്ടായി. തര്‍ക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. ആസൂത്രിതമായ ആക്രണമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.