ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്ബനിയായ യുണിടെക്ക് എംഡി സഞ്ജയ് ചന്ദ്രയും സഹോദരനും അറസ്റ്റില്‍. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഗ്രേറ്റര്‍ നോയിഡയില്‍ വാഗ്ദാനം ചെയ്ത വീടുകള്‍ നല്‍കാതെ യൂണിടെക്കും മേധാവികളും കബളിപ്പിച്ചുവെന്നാണ് പരാതി. 2008 ഏപ്രിലില്‍ വീടുകള്‍ കൈമാറാമെന്നായിരുന്നു കരാറെങ്കിലും അത് നടപ്പാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് പണം മുടക്കിയവര്‍ പരാതിയുമായി എത്തുകയായിരുന്നു. സഞ്ജയ് ചന്ദ്രയ്ക്കൊപ്പം യൂണിടെക്ക് ചെയര്‍മാന്‍ രമേശ് ചന്ദ്ര, എം.ഡി അജയ് ചന്ദ്ര, ഡയക്ടര്‍ മിന്‍ഹോത്തി ബഹ്റി എന്നിവര്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കസ്റ്റഡിയിലാവുകയും തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു. പിന്നീട് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.